TOPICS COVERED

മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി  വിജേഷ്  മൂക്കറ്റം കടത്തിലായത് ഓഹരിവിപണിയില്‍ പിഴച്ചതോടെയാണ് . ഒന്നും രണ്ടുമല്ല  42ലക്ഷം രൂപ കടം. ഉള്ളതെല്ലാം വിറ്റുപെറുക്കിയാലും തീരാത്ത ബാധ്യത. വേഗത്തില്‍ ഇത്ര വലിയ തുകയുണ്ടാക്കാന്‍  മുന്നില്‍  മറ്റ് മാര്‍ഗമൊന്നും തെളിയാത്തതിനാലാണ് മോഷണത്തെ കുറിച്ച് ആലോചിച്ചത് 

കൃത്യമായ തയ്യാറെടുപ്പുകള്‍

കൂടുതല്‍ പണം ഒറ്റയടിക്ക് എന്ന ചിന്തയോടെയാണ് എടിഎം കുത്തിതുറക്കാന്‍ വിജേഷ്  പദ്ധതി തയ്യാറാക്കിയത്. മോഷണത്തിനായി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി. പ്രമുഖ കമ്പനിയുടെ കാഷ് സെറ്റ് വാങ്ങി. ഇത് ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് പരിശീലിച്ചു. എടിഎം മെഷീനുകളെ കുറിച്ച് യു ട്യൂബ് വീഡിയോകള്‍ മനസിരുത്തി കണ്ടു.  പഠനം ഒരു വശത്ത് പുരോഗമിക്കുമ്പോള്‍   പൊളിക്കാന്‍ പറ്റിയ എടിഎം  വിജേഷ് അന്വേഷിച്ചു കൊണ്ടേയിരുന്നു .  കാറില്‍ കറങ്ങി നടന്ന് വിവിധ എടിഎമ്മുകള്‍ നിരീക്ഷിച്ചു .  പൊളിക്കുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍  വിലയിരുത്തി . സുരക്ഷിതമല്ലെന്ന് കണ്ട്  പല കൗണ്ടറുകളും ഒഴിവാക്കി.   ഒരുപാട് അന്വേഷണത്തിനൊടുവിലാണ്  പറമ്പില്‍ക്കടവിലെ ആള്‍ത്തിരക്കൊഴിഞ്ഞ ഭാഗത്തെ  എടിഎം ശ്രദ്ധയില്‍പ്പെട്ടത്. അവിടെ നിരീക്ഷിച്ച്  സാധ്യതകള്‍ വിലയിരുത്തി. ഒടുവില്‍ അതുതന്നെ പൊളിക്കാന്‍ തീരുമാനിച്ചു. 

Read Also: ഷെയര്‍മാര്‍ക്കിലെ ലക്ഷങ്ങളുടെ നഷ്ടം; കമ്പിപ്പാരയുമായി മോഷണം; പൊലീസ് കയ്യോടെ പൊക്കി

അങ്ങിനെ  നന്നായി ഗൃഹപാഠം ചെ‌യ്തശേഷമാണ്  മോഷണത്തിനിറങ്ങിയത്. രാത്രി എടിഎം കൗണ്ടറിലെത്തി. പരിസരം നന്നായി നിരീക്ഷിച്ചു. ആരും  ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം  ചുറ്റുപാടുമുള്ള  ജ്വല്ലറികളുടെ സിസിടിവി ക്യാമറകള്‍ ദിശമാറ്റി തിരിച്ചുവച്ചു. എടിഎം  കൗണ്ടറിനുള്ളിലേക്ക് കയറുന്ന ദൃശ്യം  ക്യാമറയില്‍ പതിയുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.   എടിഎം കൗണ്ടറിലെ ക്യാമറയും വിജേഷന്‍റെ മനസിലുണ്ടായിരുന്ന. മുഖം പതിയാതിരിക്കാന്‍ സ്പ്രേ പെയിന്‍റടിച്ച് ക്യാമറ മറച്ചു.  പിന്നെ  ഷട്ടറിട്ടു. കയ്യില്‍ കരുതിയിരുന്ന ഗ്യാസ്  കട്ടറും കമ്പിപ്പാരയും ചുറ്റികയുമുപയോഗിച്ച് എടിഎം തകര്‍ക്കാനായി പിന്നെയുള്ള ശ്രമം . പണം കൊണ്ടുപോകുന്നതിനായി വലിയൊരു  ബാഗും കയ്യില്‍ കരുതിയിരുന്നു.

പൊലീസിന്‍റെ സമയോചിത ഇടപെടല്‍

​പൊലീസിന്‍റെ സമയോചിതവും ബുദ്ധിപരവുമയ ഇടപെടാലാണ് വിജേഷിനെ കുടുക്കിയത്. പറമ്പില്‍ കടവിലെ എടിഎം ഷട്ടറിട്ട നിലയില്‍ കണ്ടത് രാത്രി പെട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തെ സംശയത്തിലാക്കി. അവര്‍ വണ്ടി നിര്‍ത്തി എടിഎമ്മിനടുത്തെത്തി . ഷട്ടറിട്ടിട്ടുണ്ടെങ്കിലും എടിഎമ്മിനുള്ളില്‍ വെളിച്ചമുണ്ടായിരുന്നു. പൊലീസ് ബലമായി ഷട്ടറുയര്‍ത്തിയപ്പോഴാണ്  കൗണ്ടറിനുള്ളില്‍ വിജേഷിനെ കണ്ടത്. ഗ്യാസ് കട്ടറുപയോഗിച്ച്   മെഷിന്‍  പൊളിക്കാനുള്ള ശ്രമത്തിലായിരുന്നു വിജേഷ്. കയ്യോടെ  പിടികൂടിയ പ്രതിയെ  പൊലീസ് സംഘം  ചേവായൂര്‍ സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിലാണ്  മോഷണത്തിന്‍റെ ആസൂത്രണം  വിജേഷ് വിശദീകരിക്കുകയും ചെയ്തു.

കോട്ടയത്തെ എന്‍ജിനീയറികോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന വിജേഷ് പഠനം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച് പല ബിസിനസുകള്‍ ചെയ്തു. ചെറിയ ജോലകളും ചെയ്തു. പെട്ടെന്ന് പണമുണ്ടാക്കാനുള്ള പരിശ്രമത്തില്‍ വിജേഷിന് പക്ഷേ കാലിടറി.  ഇടയ്ക്ക്  ഒമാനില്‍  പോയെങ്കിലും ജോലി പാതിവഴിയില്‍   ഉപേക്ഷിച്ച് തിരിച്ച് നാട്ടിലെത്തി. 

ഇതിനിടെയാണ് ഷെയര്‍മാര്‍ക്കറ്റിങിനെ കുറിച്ച് പഠിച്ചതും പണം നിക്ഷേപിക്കാന്‍ തുടങ്ങിയതും. ക്രഡിറ്റ് കാര്‍ഡുപയോഗിച്ചാണ് നിക്ഷേപങ്ങള്‍ പലതും നടത്തിയത് . പക്ഷേ നിക്ഷേപം പിഴച്ചതോടെ ലക്ഷങ്ങള്‍  കടത്തിലായി . ഇതേ തുടര്‍ന്ന് വിജേഷ്‍ വീട്ടില്‍ നിന്ന് മാറി നില്‍കുകയായിരുന്നു . എല്ലാ ദിവസവും വീട്ടിലേക്ക് വിളച്ചിരുന്നതിനാല്‍ വീട്ടുകാര്‍ക്കും സംശയമൊന്നുമുണ്ടായില്ല. വീട്ടുകാരടക്കം ആര്‍ക്കും സംശയം തോന്നാത്ത വിധമാമാണ് വിജേഷ് എടിഎം കവര്‍ച്ച പ്ലാന്‍ ചെയ്തതും പറമ്പില്‍ കടവിലെ  എടിഎം പൊളിച്ചതും . പക്ഷേ അപ്രതീക്ഷിതമായെത്തിയ  പൊലീസ് സംഘം  വിജേഷിന്‍റെ പ്രതീക്ഷകളെല്ലാം തകര്‍ത്തു.

ENGLISH SUMMARY:

Kozhikode theft attempt