ആലപ്പുഴ മുഹമ്മയിൽ ജ്വല്ലറിയുടമ മരിച്ചത് പൊലിസ് മർദനത്തെതുടർന്നെന്ന പരാതിയുമായി കുടുംബം . മോഷണമുതൽ കണ്ടെടുക്കാൻ പൊലിസ് എത്തിയപ്പോൾ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ജ്വല്ലറി ഉടമ രാധാകൃഷ്ണന്റെ മരണം പൊലിസ് പീഡനത്തെ തുടർന്നാണെന്ന് മകൻ രതീഷ് മനോരമ ന്യൂസിനോട് പറഞ്ഞു. പൊലിസ് സ്റ്റേഷനിൽ വച്ചും ജ്വല്ലറിയിൽ എത്തിച്ചപ്പോഴും പോലിസ് പിതാവിനെ മർദിച്ചുവെന്ന് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഏഴിനാണ് മണ്ണഞ്ചേരി സ്വദേശിയും മുഹമ്മയിലെ രാജി ജ്വല്ലറി ഉടമയുമായ രാധാകൃഷ്ണൻ മരിക്കുന്നത്. കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്ത സെൽവരാജ് എന്ന കള്ളന്റെ മോഷണ മുതൽ വിറ്റത് രാധാകൃഷ്ണന്റെ ജ്വല്ലറിയിൽ ആയിരുന്നു. മോഷണ മുതൽ കണ്ടെത്താൻ കള്ളനുമായി എത്തിയപ്പോൾ ജ്വല്ലറിയിൽ ഉണ്ടായിരുന്ന വിഷദ്രാവകം രാധാകൃഷ്ണൻ കുടിക്കുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. എന്നാൽ രാധാകൃഷ്ണന്റെ മരണം പോലിസ് പീഡനത്തെ തുടർന്നാണെന്നാണ് കുടുംബം പറയുന്നത്. ആറാം തീയതി രാത്രിയിൽ പിതാവിനെ കടുത്തുരുത്തി പോലിസ് കസ്റ്റഡിയിൽ എടുത്തുവെന്നും പോലിസ് സ്റ്റേഷനിൽ വച്ച് പിറ്റേന്ന് രാവിലെ കാണുമ്പോൾ പിതാവിന്റെ മുഖത്ത് അടിയേറ്റ പാടുകൾ ഉണ്ടായിരുന്നു എന്നും മകൻ രതീഷ്. തെളിവെളുപ്പിനിടെ ജ്വല്ലറിയിൽ വച്ചും പൊലീസ് മർദിച്ചു.
അതേസമയം മോഷ്ടാവിനെ പിടിക്കാൻ സഹായിച്ചത് രാധാകൃഷ്‌ണൻ ആണെന്നും മർദനം ഉണ്ടായിട്ടില്ലെന്നുമാണ് കടുത്തുരുത്തി പോലിസിന്റെ വിശദീകരണം. രതീഷ് നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാന ക്രൈംബ്രാഞ്ചിനാണ് അന്വേഷണചുമതല.