grinding-stone

പ്രതീകാത്മക ചിത്രം

TOPICS COVERED

വിവാഹോതര ബന്ധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത ഭര്‍ത്താവിന്‍റെ തലയില്‍ അമ്മിക്കല്ലിട്ട് കൊന്ന് ഭാര്യ. അന്‍പരസന്‍ (42) എന്നയാളെയാണ് ഭാര്യ കലൈവാണി (38) തലയില്‍ അമ്മിക്കല്ലിട്ട് കൊന്നത്. ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനുശേഷം ഉറങ്ങിക്കിടക്കുമ്പോഴാണ് കലൈവാണി അന്‍പരസന്‍റെ തലയില്‍ അമ്മിക്കല്ലെടുത്തിട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

2010ലാണ് അന്‍പരസനും കലൈവാണിയും വിവാഹിതരായത്. വിരുദനഗര്‍ സ്വദേശികളായ ഇവര്‍ ആറുവര്‍ഷങ്ങളോളമായി കുംഭകോണത്തെ മധുലംപേട്ടയിലാണ് താമസിക്കുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുമുണ്ട്. തിരുഭുവനം എന്ന സ്ഥലത്തുള്ള ബേക്കറിയില്‍ ചായ അടിക്കുന്ന ജോലിയാണ് അന്‍പരസന്. ഇവിടെ വച്ച് കൂടെ ജോലി ചെയ്യുന്ന ഒരു യുവതിയുമായി അന്‍പരസന്‍ പ്രണയത്തിലായി. 

വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ബന്ധത്തെക്കുറിച്ച് കലൈവാണി അറിഞ്ഞത്. ഇനി ഇത് തുടരരുത് എന്ന് പല തവണ അന്‍പരസന് കലൈവാണി താക്കീതും നല്‍കി. ബേക്കറിയിലെ ജോലി അവസാനിപ്പിച്ച് അന്‍പരസന്‍ ആശാരിപ്പണിയിലേക്ക് മാറി. രണ്ടുമാസമായി ആശാരിപ്പണിക്കാണ് അന്‍പരസന്‍ പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച അന്‍പരസനെ ബേക്കറിയിലുണ്ടായിരുന്ന യുവതിയുമായി ഭാര്യ കണ്ടു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കായി.

അന്‍പരസനേയും യുവതിയേയും പിന്തുടര്‍ന്നെത്തി ഇരുവരും തമ്മില്‍ ഇപ്പോഴും ബന്ധം തുടരുന്നുവെന്ന് മനസ്സിലാക്കിയതോടെ കലൈവാണി അന്‍പരസനെ കൊല്ലാന്‍ പദ്ധതിയിട്ടു. വീട്ടില്‍ ഇരുവരും തമ്മില്‍ വലിയ വഴക്കുണ്ടായി. ഇതിനു ശേഷം കിടന്നുറങ്ങുമ്പോഴാണ് അന്‍പരസന്‍റെ തലയില്‍ കലൈവാണി അമ്മിക്കല്ലിട്ടത്. 

കഴിഞ്ഞ ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കുഭകോണം പൊലീസ് എത്തിയാണ് അന്‍പരസന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. പിറ്റേദിവസം കലൈവാണിയുടെ പേരില്‍ കേസെടുത്ത് ഇവരെ കസ്റ്റഡിയിലെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

In Tamil Nadu’s Thanjavur, a wife killed her husband by striking his head with a grinding stone after he refused to end an extramarital affair. The victim, 42-year-old Anbarasan, was attacked by his wife, 38-year-old Kalaivani, following a dispute between them. Later, while he was asleep, Kalaivani struck his head with the stone, leading to his death.