ബെംഗളൂരുവിലെ കോറമംഗലയില്‍ 33 കാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായി. സൗഹൃദം സ്ഥാപിച്ച് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും പിന്നീട് ലൈംഗീകാധിക്രമം നടക്കുകയുമായിരുന്നു. കാറ്ററിങ് സര്‍വീസ് ജീവനക്കാരിയാണ് പീഡനത്തിന് ഇരയായ യുവതി.
വ്യാഴാഴ്ച രാത്രി കോറമംഗല ഭാഗത്താണ് സംഭവം. ജ്യോതി നിവാസ് കോളേജ് ജംഗ്ഷനിൽ കാത്തുനിൽക്കുന്നതിനിടെ 20 വയസ് പ്രായമുള്ള നാല് പേര്‍ സൗഹൃദം സ്ഥാപിക്കാന്‍ എത്തി. സംസാരത്തിനൊടുവില്‍ ഹോട്ടലിലേക്ക് യുവതിയെ ഭക്ഷണത്തിനായി ക്ഷണിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. സ്വകാര്യ ഹോട്ടലിന്‍റെ ടെറസിൽ വെച്ച് പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതി.
സംഭവം പുറത്തുപറയരുതെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ പ്രതികള്‍ വിട്ടയച്ചത്. വീട്ടിലെത്തിയ യുവതി ഭര്‍ത്താവിനോട് കാര്യം പറയുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികള്‍ നാല് പേരും ഹോട്ടല്‍ ജീവനക്കാരാണ്. ഇതില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാളെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതി എന്തിനാണ് പ്രതികളുടെ കൂടെ പോയതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഡൽഹി സ്വദേശിനിയാണ് പീഡനത്തിന് ഇരയായി യുവതി.