കർണാടകയിലെ ഏറ്റവും വലിയ ലഹരി വേട്ടയ്ക്കാണ് മംഗളൂരു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകളെയാണ് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 38 കിലോ എംഡിഎംഎയാണ് പിടികൂടിയത്. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ വനിതകളാണ് ഇരുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള ബമ്പ ഫൻഡ (31), ആബിഗലി അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗിലാക്കിയാണ് ഇവർ എംഡിഎംഎ ഇന്ത്യയിലെത്തിച്ചതെന്നാണ് മംഗളൂരു പോലീസ് കമ്മിഷണർ പറയുന്നത്. നാല് മൊബൈൽ ഫോണുകൾ, പാസ്പോർട്ടുകൾ 18000 രൂപ എന്നിവയും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസം മുൻപ് മംഗളൂരു പമ്പ് വെല്ലിലെ ലോഡ്ജിൽ നിന്നും ഹൈദർ അലിയെന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയ കേസിന്റെ അന്വേഷണമാണ് രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന ലഹരി റാക്കറ്റിലേക്ക് എത്തിയത്.