Image Credit: x.com/AirportGenCus
ബാങ്കോക്കിൽ നിന്ന് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആറരക്കോടിയുടെ ഡയമണ്ട് നെക്ലേസ് പിടികൂടി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് സ്വര്‍ണത്തില്‍ തീര്‍ത്ത് വജ്രങ്ങൾ പതിച്ച സ്വർണ്ണമാല പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫെബ്രുവരി 12 നാണ് ടെര്‍മിനല്‍ മൂന്നില്‍ വച്ച് യുവാവിനെ പിടികൂടിയത്. യാത്രക്കാരന്റെ ബാഗേജുകള്‍ പരിശോധിച്ചപ്പോളാണ് 40 ഗ്രാം ഭാരമുള്ള വജ്രം പതിച്ച സ്വർണ നെക്ലേസ് കണ്ടെടുത്തത്. ഇതിന്‍റെ ആകെ മൂല്യം 6,08,97,329 രൂപ (6.08 കോടി രൂപ) വരുമെന്ന് ഡൽഹി കസ്റ്റംസ് എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ അറിയിച്ചു. 1962 ലെ കസ്റ്റംസ് ആക്ടിലെ സെക്ഷൻ 110, 114 എന്നിവ പ്രകാരം യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും കസ്റ്റംസ് അറിയിച്ചു.