കൈക്കൂലിപ്പണം പിടിക്കാനെത്തിയ വിജിലൻസിനെ കണ്ട്, കുളത്തിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ച് വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ. ഒടുവില്‍ വിജിലൻസ് ഉദ്യോഗസ്ഥർ കുളത്തിൽ നിന്നാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ മാത്വരായപുരം തേനി സ്വദേശി  വെട്രിവേലിനെയാണ് (32) വിജിലൻസ് ഓടിച്ചിട്ട് പിടികൂടിയത്. 

ഭർത്താവ് മരണപ്പെട്ട അർബുദരോഗിയായ സ്ത്രീ, കൈവശാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാനായി വില്ലേജ് ഓഫിസിൽ മാസങ്ങളായി  കയറിയിറങ്ങുകയായിരുന്നു. വില്ലേജ് ഓഫിസർ 5,000 രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. അവര്‍ 1,000 രൂപ നൽകി. 4000 രൂപ കൂടി നൽകിയാലേ സർട്ടിഫിക്കറ്റ് നൽകൂ എന്ന് വാശിപിടിച്ചതോടെ മരുമകൻ കൃഷ്ണസ്വാമി വിജിലൻസിനെ സമീപിച്ചു.

തുടര്‍ന്ന്, വിജിലൻസ് പറഞ്ഞത് പ്രകാരം, 3,500 രൂപ എത്തിക്കാമെന്നു കൃഷ്ണസ്വാമി ഉദ്യോഗസ്ഥനെ അറിയിച്ചു. വെള്ളിയാഴ്ച രാത്രി  വിജിലൻസ് നൽകിയ നോട്ടുകൾ കൃഷ്ണസ്വാമി കൈമാറിയതോടെ ഉദ്യോഗസ്ഥർ പിന്നാലെയെത്തി. ഉദ്യോഗസ്ഥരെ കണ്ട വെട്രിവേൽ ബൈക്കെടുത്ത് പാഞ്ഞു. വിജിലൻസ് കാറിൽ  പിന്തുടരവേ, ഇയാൾ ബൈക്ക് ഉപേക്ഷിച്ചു പേരൂർ പെരിയകുളത്തിലേക്കു ചാടുകയായിരുന്നു. പിന്നാലെ ചാടിയ വിജിലൻസ് ഉദ്യോഗസ്ഥർ വെട്രിവേലിനെ കുളത്തിൽ നിന്നു പുറത്തെത്തിച്ചു. എന്നാല്‍ പേരൂർകുളത്തില്‍  യന്ത്രസഹായത്തോടെ നടത്തിയ പരിശോധനയിൽ പണം കിട്ടിയില്ല.  വെട്രിവേലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

Village officer jumped into a pond with a bribe money