ചാരിറ്റിയുടെ മറവില്‍ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കായി ഇരുട്ടില്‍തപ്പി കോഴിക്കോട് നടക്കാവ് പൊലീസ്. പ്രതിയെ പിടികൂടാത്തതില്‍ കടുത്ത നിരാശയുണ്ടെന്ന് അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി ഒളിവിലാണെന്നും പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് പൊലിസ് വാദം.
ശസ്ത്രക്രിയ കഴിഞ്ഞും ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ആശുപത്രിയില്‍ കഴിയേണ്ടി വന്ന ഹോട്ടല്‍ ജീവനക്കാരനെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് മലപ്പുറം സ്വദേശി വാക്കിയത്ത് കോയ എത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ കോയയുടെ ഉള്ളിലിരുപ്പ് പുറത്തായി.
ഹോട്ടല്‍ ജീവനക്കാരന്‍റെ 18കാരിയായ മകളെ കയറി പിടിക്കാന്‍ ശ്രമിച്ചു. വിനോദയാത്രക്ക് ഒപ്പം പോരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ മുങ്ങിയ കോയയെ പിന്നീട് കണ്ടിട്ടില്ല. ഒളിവില്‍ പോയെന്നല്ലാതെ പ്രതിയെക്കുറിച്ച് പൊലിസിന് യാതൊരു സൂചനയുമില്ല. പ്രതിയെ പിടികൂടാനാകാത്തതില്‍ കടുത്ത നിരാശയിലാണ് അതിജീവിത.
വാക്കിയത്ത് കോയക്കെതിരെ സമാനമായ കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. എന്നാലിതിന്‍റെ ഗൗരവം പൊലിസ് മനസിലാക്കുന്നില്ല. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത ആദ്യ മണിക്കൂറില്‍ പൊലിസ് കാട്ടിയ അലസതയാണ് പ്രതി രക്ഷപ്പെടാന്‍ കാരണം എന്നാണ് ആക്ഷേപം. എന്നാല്‍ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണെന്നാണ് ദിവസങ്ങള്‍ക്കിപ്പുറവും പൊലിസ് ആവര്‍ത്തിക്കുന്നത്.