ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ രണ്ടു കിലോ ഹഷിഷ് ഓയിലുമായി രണ്ടു മലയാളി യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് ആണ് കണിമംഗലത്തു നിന്ന് രണ്ടു കോടി വിലമതിക്കുന്ന ഹഷിഷ് ഓയില്‍ പിടികൂടിയത്.
തൃശൂരില്‍ ഹഷിഷ് ഓയില്‍ വരുന്നതായി സംസ്ഥാന എക്സൈസ് കമ്മിഷണറുടെ സ്ക്വാഡിനാണ് രഹസ്യ വിവരം കിട്ടിയത്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ജെ. റോയിയും സംഘവും ഈ വിവരം പിന്‍തുടര്‍ന്ന് ചെന്നെത്തിയത് കണിമംഗലത്ത്. കടയുടെ മുകളിലായി മുറിയില്‍ തമ്പടിച്ചിരുന്ന രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി ചോദ്യം ചെയ്തു. മണ്ണുത്തി സ്വദേശി റീഗനും ചേര്‍പ്പ് സ്വദേശി നിഷാന്തുമായിരുന്നു മുറിയിലുണ്ടായിരുന്നു. റീഗന് ഇരുപത്തിയാറും നിഷാദിന് നാല്‍പത്തിയൊന്നും വയസായിരുന്നു.
റീഗന്‍ പാലക്കാട്ടെ പിടിച്ചുപറി കേസില്‍ പ്രതിയാണ്. ഒഡീഷയില്‍ നിന്ന് രണ്ടു കിലോ ഹഷിഷ് ഓയില്‍ കൊണ്ടുവന്നത് ട്രെയിന്‍ മാര്‍ഗമായിരുന്നു. ആര്‍.പി.എഫിനെ കണ്ടതോടെ വടക്കാഞ്ചേരി സ്റ്റേഷനില്‍ ഇറങ്ങി നേരെ ബസില്‍ കണിമംഗലത്തെത്തി. ഹഷിഷ് ഓയില്‍ വാങ്ങാനും പണംമുടക്കിയ യുവാവിനെ എക്സൈസ് തിരിച്ചറിഞ്ഞു. തിരച്ചില്‍ തുടരുകയാണ്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍ക്കാനായി കൊണ്ടുവന്ന ഹഷിഷ് ഓയിലാണിത്. മുന്തിയ കഞ്ചാവിന്‍റെ നീരാണ് പിടിച്ചെടുത്തത്.