ഓപ്പറേഷന്‍ ഡി ഹണ്ടിലൂടെ 20 ദിവസംകൊണ്ട് പൊലീസ് പിടികൂടിയത് അയ്യായിരത്തിലധികം ലഹരി വില്‍പ്പനക്കാരെ. കോടികള്‍ വിലവരുന്ന ലഹരിമരുന്നുകളും പിടിച്ചെടുത്തു. കഴിഞ്ഞ രണ്ട് മാസംകൊണ്ട് പിടികൂടിയതിന് സമാനമായ അളവിലുള്ള ലഹരിവേട്ടയാണ് സമ്മര്‍ദം ശക്തമായതിന് പിന്നാലെ പൊലീസ് നടത്തിയത്.
കൊലപാതകം, കത്തിക്കുത്ത്, സംഘര്‍ഷം–എല്ലാത്തിലും വില്ലന്‍ ലഹരിയെന്നായതോടെ നാട്ടിലാകെ ഭീതിപരക്കുകയും പൊലീസിനെതിരെ മുറവിളി ഉയരുകയും ചെയ്തതോടെയാണ് ഫെബ്രൂവരി 22ന് ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങുന്നത്. ലഹരി ഇടപാടുകാരെ നിരീക്ഷിച്ച് അവരുടെ കേന്ദ്രങ്ങളില്‍ കയറി പരിശോധിച്ച് ലഹരി പിടിക്കുന്നതാണ് ഓപ്പറേഷന്‍. 20 ദിവസംകൊണ്ട് നടത്തിയത് ഞെട്ടിക്കുന്ന ലഹരിവേട്ടയാണ്. 5261 കേസിലായി 5453 പേര്‍ അറസ്റ്റിലായി. 3.69 കിലോ എം.ഡി.എം.എയും മുന്നൂറ് കിലോ കഞ്ചാവും പിടികൂടി.
പൊലീസിന്‍റെ മികവിന്‍റെ തെളിവാണ് ഈ കണക്കുകള്‍. ഇനി ഓപ്പറേഷന്‍ ഡി ഹണ്ടിന് മുന്‍പ് എന്തായിരുന്നു ലഹരിക്കെതിരായ പൊലീസിന്‍റെ നടപടിയെന്ന് നോക്കാം. ജനുവരി, ഫെബ്രൂവരി മാസങ്ങളിലായി പിടിച്ചത് 7281 പേരേയും 4.9 കിലോ എം.ഡി.എം.എയും 761 കിലോ കഞ്ചാവും.അതായത് ഡി ഹണ്ടിലെ 20 ദിവസം കൊണ്ട് പിടിച്ചതിനേക്കാള്‍ വെറും 1828 പേരെ മാത്രമാണ് അതിന് മുന്‍പുള്ള 60 ദിവസംകൊണ്ട് അധികമായി പിടിച്ചത്. എം.ഡി.എം.എയിലേക്കെത്തിയാല്‍ 1.2 കിലോയാണ് ഓപ്പറേഷന്‍ ഡി ഹണ്ടിന് മുന്‍പുള്ള രണ്ട് മാസത്തില്‍ അധികം പിടിച്ചത്. സമ്മര്‍ദം ഉയര്‍ന്നപ്പോള്‍ മാത്രമാണ് ലഹരിവേട്ടയ്ക്ക് പൊലീസ് സജീവമായി ഇറങ്ങിയതെന്ന് വ്യക്തം. ആത്മാര്‍ത്ഥമായി പൊലീസ് ഇറങ്ങിയിരുന്നെങ്കില്‍ ലഹരിമാഫിയയെ നേരത്തെ തന്നെ പിടിച്ചുകെട്ടാമായിരുന്നൂവെന്നും ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.