മണിക്കൂറുകള്‍ നീണ്ടുനിന്ന ചുംബനത്തിലൂടെ ലോക റെക്കോര്‍ഡ് നേടി സമൂഹശ്രദ്ധയാകര്‍ഷിച്ച ദമ്പതികള്‍ വേര്‍പിരിയുന്നു. 2013ല്‍ 58 മണിക്കൂര്‍ 35 മിനിറ്റ് നേരം നിര്‍ത്താതെ ചുംബിച്ച് ഗിന്നസ് ലോക റെക്കോര്‍ഡ് കരസ്ഥമാക്കിയ എക്കച്ചായി, ലക്സാന തിരനാറാട്ട് എന്നീ ദമ്പതികളാണ് വിവാഹമോചിതരാകുകയാണെന്ന് അറിയിച്ചിരിക്കുന്നത്. തായ്‌ലന്‍റുകാരാണ് ഇവര്‍.

പങ്കാളികള്‍ക്കിടയിലെ സ്നേഹവും ചേര്‍ത്തുനിര്‍ത്തലുമായിരുന്നു ഇവരെ ആളുകള്‍ക്കിടയില്‍ ശ്രദ്ധേയമാക്കിയത്. ഇത്രയും മണിക്കൂറുകള്‍ ചുംബിച്ചുകൊണ്ട് നില്‍ക്കുക എന്നത് ശാരീരിക ക്ഷമയും ആരോഗ്യവും ആവശ്യമുള്ള കാര്യമാണ്. ഉറക്കം പോലുമില്ലാതെയാണ് ഇരുവരും ഉമ്മവച്ചുകൊണ്ട് നിന്നത്. ഇതോടെയാണ് ഇവര്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതും. പക്ഷേ ഇപ്പോഴുണ്ടായിരിക്കുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യമാണ്. 

ധാരാളം ആരാധകരും ഈ ദമ്പതികള്‍ക്കുണ്ട്. ഇവരെല്ലാം എക്കച്ചായിയും ലക്സാനയും വേര്‍പിരിയുന്നു എന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ്. പിരിയാനുള്ള കാരണം ദമ്പതികള്‍ വെളിപ്പെടുത്തിയിട്ടില്ല. സമയം മുന്നോട്ടുപോകവേ ഞങ്ങള്‍ക്കിടയിലെ അകലവും കൂടി വന്നു എന്നാണ് എക്കച്ചായി പോഡ്കാസ്റ്റിലൂടെ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരും ഒന്നിച്ചായിരുന്ന സമയങ്ങളത്രയും പ്രിയപ്പെട്ടതാണ്. ഓര്‍മയില്‍ എക്കാലവും സൂക്ഷിച്ചുവയ്ക്കും. പക്ഷേ ഇപ്പോള്‍ പിരിയാന്‍ സമയമായി എന്നും എക്കച്ചായി പറഞ്ഞു. പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കും. മക്കളുടെ കാര്യങ്ങള്‍ക്ക് എന്നും ഒന്നിച്ചുണ്ടാകും എന്നും ദമ്പതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 

2011ലാണ് എക്കച്ചായിയും ലക്സാനയും ആദ്യമായി ലോക റെക്കോര്‍ഡ് നേടിയത്. 46 മണിക്കൂര്‍ 24 മിനിറ്റ് നീണ്ടുനിന്ന ചുംബനത്തിനായിരുന്നു അത്. ഒരുലക്ഷത്തോളം രൂപയാണ് അന്ന് അവര്‍ക്ക് സമ്മാനമായി ലഭിച്ചത്. ഈ റെക്കോര്‍ഡാണ് 2013ല്‍ ഇരുവരും തിരുത്തിയത്. പരസ്പരം ഇത്രത്തോളം കരുതലുണ്ടായിട്ടും ദമ്പതികള്‍ എന്തിനാണ് വേര്‍പിരിഞ്ഞത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ENGLISH SUMMARY:

The Thai couple who captured global attention with a 58-hour and 35-minute kiss in 2013, Ekkachai and Laksana Tiranarat, have announced their separation. The Guinness World Record holders for the longest kiss once captivated the world with their extraordinary endurance and commitment. Their record-breaking feat required not only unwavering dedication but also physical resilience, as they remained standing, locked in a kiss, without sleep for the entire challenge. Their achievement propelled them into the media spotlight, making them a symbol of love and devotion. Despite parting ways romantically, they have expressed mutual respect and a commitment to co-parenting their children amicably.