കൊല്ലപ്പെട്ട സന്തോഷ് (ഇടത്തേയറ്റം), മുഖ്യപ്രതി വാല്മീക് കരാഡെ മന്ത്രി ധനഞ്ജയ്ക്കൊപ്പം (ചിത്രം X)
അതിക്രൂരമായ പീഡനത്തിനൊടുവിലാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ മഹാരാഷ്ട്രയിലെ ബീഡിലെ സര്‍പഞ്ചായ സന്തോഷ് ദേശ്മുഖ് കൊല്ലപ്പെട്ടത്. ഇരുമ്പ് ദണ്ഡ് കൊണ്ടും തടി കൊണ്ടുമുള്ള ക്രൂര മര്‍ദനത്തില്‍ തുടങ്ങി പറഞ്ഞറിയിക്കാനാവാത്ത അത്രയും പീഡനമാണ് സന്തോഷ് നേരിട്ടതെന്ന് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. കൊലപാതകത്തില്‍ ഉറ്റ അനുയായി അറസ്റ്റിലായതിന് പിന്നാലെ ഭക്ഷ്യമന്ത്രി ധനഞ്ജയ് മുണ്ടെ രാജിവച്ചൊഴിയുകയും ചെയ്തു.
ഡിസംബര്‍ ഒന്‍പതാം തീയതി ഉച്ചയ്ക്ക് ശേഷമാണ് ദോങ്ഗൗണ് ടോള്‍പ്ലാസയ്ക്ക് സമീപത്ത് നിന്നും സന്തോഷ് ദേശ്മുഖിനെ ആറംഗ സംഘം തട്ടിക്കൊണ്ട് പോയത്. ദയ്ത്ന ഷിവറില്‍ നിന്നും ബോധരഹിതനായി അന്നേ ദിവസം വൈകുന്നേരത്തോടെ സന്തോഷിനെ കണ്ടെത്തി. ആളുകള്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് നഷ്ടമായിരുന്നു.
ക്രൂരത ഫോണില്‍ പകര്‍ത്തി പ്രതികള്‍
ഗ്യാസ് പൈപ്പും ഇരുമ്പ് വടിയും തടിയുമെല്ലാം ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ നേരം സന്തോഷിനെ തല്ലിച്ചതച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധങ്ങളുപയോഗിച്ചും സന്തോഷിനെ ഉപദ്രവിച്ചു. സന്തോഷിനെ ഉപദ്രവിക്കുന്നതിന്റെ 15 വിഡിയോകളാണ് പ്രതികളുടെ ഫോണില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. മാരകമായി രക്തം വാര്‍ന്നൊലിച്ച് കിടക്കുന്ന ദേശ്മുഖിന്റെ മുഖത്തേക്ക് പ്രതികളിലൊരാള്‍ മൂത്രമൊഴിച്ച് ചിരിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ സഹിതം പൊലീസ് കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
സൂത്രധാരന്‍ മന്ത്രിയുടെ വലങ്കൈ
മഹാരാഷ്ട്ര ഭക്ഷ്യമന്ത്രിയായിരുന്ന ധനഞ്ജയ് മുണ്ടെയുടെ ഉറ്റ അനുയായിയായ വാല്‍മിക് കരാഡാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. ഘുലെ, കരാഡ്, വിഷ്ണു ഛത്തെ എന്നിവര്‍ സന്തോഷിനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്നും തെളിഞ്ഞു. കരാഡിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ ധനഞ്ജയ് മുണ്ടെയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി ഉയര്‍ത്തി. 1200 പേജുള്ള കുറ്റപത്രമാണ് സിഐഡി സമര്‍പ്പിച്ചത്. സന്തോഷിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളടക്കം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ ഗത്യന്തരമില്ലാതെ ധനഞ്ജയ് മുണ്ടെ രാജിവച്ചു.
ഭീഷണിപ്പെടുത്തി രണ്ട് കോടി തട്ടാന്‍ ശ്രമം
മുംബൈയില്‍ നിന്നുള്ള ഹരിതോര്‍ജ കമ്പനിയായ ആവാഡ, മഹാരാഷ്ട്രയിലെ ബീഡില്‍ കാറ്റാടി കമ്പനി സ്ഥാപിക്കുന്നതിനായി രംഗത്തെത്തി. കമ്പനിയില്‍ നിന്നും അനധികൃതമായി പണം തട്ടാനുള്ള അവസരമായി ചിലര്‍ ഇതിനെ മാറ്റിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മസാജോഗില്‍ കമ്പനി സ്ഥാപിക്കണമെങ്കില്‍ രണ്ട് കോടിരൂപ നല്‍കണമെന്നായിരുന്നു വാല്‍മിക് കരാഡിന്റെയും കൂട്ടാളികളുടെയും ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ കമ്പനി പൂട്ടി പോകേണ്ടി വരുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതായി പ്രോജക്ട് ഓഫിസര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ജനങ്ങളുടെ സ്വൈര്യ ജീവിതം തകര്‍ക്കുന്ന, ഉപജീവനം വഴിമുട്ടിക്കുന്ന ഒരു പ്രവര്‍ത്തിക്കും കൂട്ടുനില്‍ക്കില്ലെന്ന് സന്തോഷ് ഉറച്ച നിലപാടെടുത്തതോടെയാണ് പ്രതികളുടെ കണ്ണിലെ കരടായത്. കമ്പനി ഉദ്യോഗസ്ഥരെ പ്രതിയായ ഘുലെയും സംഘവും മര്‍ദിക്കുന്നതറിഞ്ഞ് മോചിപ്പിക്കാനും സന്തോഷ് ഓടിയെത്തി. നിരവധി തവണ സന്തോഷിനെ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും വഴങ്ങാതെ വന്നതോടെയാണ് പ്രതികള്‍ വകവരുത്തിയതെന്നും പൊലീസ് കണ്ടെത്തി.