image: X
വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി. കര്‍ണാടകയിലെ ബെലഗാവിയിലാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ യുവാവും ജീവനൊടുക്കി. ഐശ്വര്യ മഹേഷ് ലോഹറെ(20)ന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ബെലഗാവിയിലെ യെല്ലൂര്‍ സ്വദേശിയായ പ്രശാന്ത് എന്ന യുവാവാണ് കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷത്തോളമായി പ്രശാന്ത് ഐശ്വര്യയെ നിര്‍ബന്ധിക്കുകയായിരുന്നു.
പെയിന്‍റിങ് ജോലിക്കാരനായ പ്രശാന്ത്, ഐശ്വര്യയെ വിവാഹം കഴിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ സമീപിച്ചു. ആദ്യം സാമ്പത്തികമായി സ്ഥിരവരുമാനം ഉണ്ടാക്കാന്‍ നോക്കൂവെന്നും, അതിന് ശേഷം വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നും ചൂണ്ടിക്കാട്ടി ഐശ്വര്യയുടെ അമ്മ പ്രശാന്തിനെ മടക്കി അയച്ചെന്ന് പൊലീസ് പറയുന്നു. വീട്ടുകാര്‍ വിസമ്മതിച്ചതും കുടുംബത്തെ എതിര്‍ത്ത് വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് ഐശ്വര്യ അറിയിച്ചതുമാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഐശ്വര്യയെ വകവരുത്താന്‍ തീരുമാനിച്ച് ബന്ധുവീട്ടിലേക്ക് വിഷവുമായി പ്രശാന്ത് ഇന്നലെ എത്തി. വിവാഹം കഴിക്കാമെന്നും ഒന്നിച്ച് ജീവിക്കാമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. ഐശ്വര്യ എതിര്‍ത്തതോടെ കയ്യില്‍ കരുതിയ വിഷം വായിലേക്ക് ഒഴിച്ച് കുടിപ്പിക്കാന്‍ ശ്രമിച്ചു. കുതറി മാറാന്‍ ശ്രമിച്ച ഐശ്വര്യയുടെ കഴുത്തിലേക്ക് കയ്യില്‍ കരുതിയിരുന്ന കത്തി കുത്തിയിറക്കുകയായിരുന്നു. പിന്നാലെ അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് പ്രശാന്തും ജീവനൊടുക്കി. നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടന്ന ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.