AI Generated Representative Image – എഐ നിര്‍മിത പ്രതീകാത്മകചിത്രം
പുതിയ കാലമാണ്, വൈബാണ് എന്നൊക്കെ പറയുമ്പോഴും ഇപ്പോഴും മാറാത്ത ഒന്നുണ്ട്. ചിലരുടെ മനോവൈകൃതങ്ങള്‍. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് മലപ്പുറം വളാഞ്ചേരി സ്വദേശിനിയായ അമല (യഥാര്‍ഥ പേരല്ല). ഫെബ്രുവരി 28ന് വൈകിട്ട് ഫോണിലേക്ക് പരിചയമില്ലാത്ത ഒരാള്‍ വിളിച്ചു. സംസാരം തുടങ്ങിയപ്പോള്‍ത്തന്നെ അസ്വാഭാവികത തോന്നി. നമ്പര്‍ എവിടെനിന്ന് കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഒരു ഓട്ടോ ഡ്രൈവറാണ് തന്നതെന്ന് വിളിച്ചയാള്‍ പറഞ്ഞു. പേരും അയാള്‍ തന്നെയാണോ പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു. തൊട്ടുപിന്നാലെ മറ്റ് രണ്ട് നമ്പറുകളില്‍ നിന്നുകൂടി കോളുകള്‍ വന്നതോടെ യുവതിക്ക് ആശങ്കയായി.
AI Generated Representative Image – എഐ നിര്‍മിത പ്രതീകാത്മകചിത്രം
വൈകിട്ട് ഏഴുമണിയോടെ വീണ്ടും കോള്‍. ഇത്തവണ വിളിച്ചയാള്‍ മാന്യമായാണ് സംസാരിച്ചത്. ‘മോളേ എനിക്കും പെങ്ങളും മക്കളുമൊക്കെയുണ്ട്. നിന്‍റെ ഫോണ്‍ നമ്പറും പേരും കുറച്ച് അശ്ലീലവാക്കുകളും ഞാന്‍ യാത്ര ചെയ്യുന്ന ട്രെയിനിന്‍റെ ശുചിമുറിയില്‍ എഴുതിവച്ചിരിക്കുന്നു. കുട്ടി പൊലീസില്‍ പരാതി നല്‍കണം. അത് പറയാനാണ് വിളിച്ചത്.’ ഇത്രയും കേട്ടതോടെ അമല ഭയന്നു. പൊലീസിലൊന്നും പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. എന്തുചെയ്യണമെന്നറിയാതെ അമ്പരന്ന് നില്‍ക്കുന്ന അവസ്ഥ.
രാത്രി 11 മണിയോടെ വീണ്ടും കോള്‍. ‘ജോലിക്ക് വരുന്നോ’ എന്നാണ് വിളിച്ചയാള്‍ ചോദിച്ചത്. പാതിരാത്രിയാണോ ജോലിക്കാര്യം പറയാന്‍ വിളിക്കുന്നതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. ശല്യപ്പെടുത്തിയാല്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. ‘നീ ഇതിന്‍റെ ആളല്ലേ, എപ്പോള്‍ വിളിച്ചാലെന്താ പ്രശ്നം, ഞാന്‍ ഇനിയും വിളിക്കും’ എന്നായി വിളിച്ചയാള്‍. ഏതിന്‍റെ ആളാണെന്ന് ചോദിച്ചപ്പോള്‍ ഏതിന്‍റെ ആളാണെന്നുവച്ചാണ് നമ്പര്‍ കൊടുത്തത് അതുതന്നെ എന്നായിരുന്നു മറുപടി. പൊലീസില്‍ പരാതിപ്പെടുമെന്നുപറഞ്ഞ് യുവതി ഫോണ‍് കട്ട് ചെയ്തു.
രാത്രിയിലെ കോളിന്‍റെ വിവരം സുഹൃത്തിനെ അറിയിച്ചു. അവര്‍ കോള്‍ വന്ന നമ്പറിലേക്ക് വിളിച്ച് താക്കീത് ചെയ്തു. ഇനി വിളിക്കില്ലെന്ന് അയാള്‍ ഉറപ്പുപറഞ്ഞെങ്കിലും മറ്റ് നമ്പറുകളില്‍ നിന്ന് തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഫോണ്‍ എടുത്തില്ല. സുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചെങ്കിലും ഒരു പരിചയവുമില്ലാത്ത ആളുകള്‍ ഫോണില്‍ വിളിച്ച് അനാവശ്യവും അശ്ലീലവും പറഞ്ഞതിന്‍റെ ആഘാതം ചെറുതായിരുന്നില്ല.
കണ്ണൂര്‍–കോഴിക്കോട് മെമു ട്രെയിനിന്‍റെ ശുചിമുറിയിലാണ് യുവതിയുടെ പേരും ഫോണ്‍ നമ്പറും അശ്ലീല വാക്കുകളും എഴുതിവച്ചത്. പെരിന്തല്‍മണ്ണയില്‍ നിന്ന് വിളിച്ച് വിവരം നല്‍കിയ ആള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇടപെട്ട് ട്രെയിനിലെ അശ്ലീല പരാമര്‍ശങ്ങളും ഫോണ്‍ നമ്പറും പേരുമെല്ലാം മായ്ച്ചുകളഞ്ഞു.
AI Generated Representative Image – എഐ നിര്‍മിത പ്രതീകാത്മകചിത്രം
മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ മറ്റൊരു സ്ത്രീയാണ് ഫോണ്‍ നമ്പറും പേരുമെല്ലാം ട്രെയിനിലെ ശുചിമുറിയില്‍ എഴുതിവച്ചതെന്ന് അമല സംശയിക്കുന്നു. വടകരയില്‍ ഹോം നഴ്സായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിനിയാണ് കക്ഷി. സാമ്പത്തിക ഇടപാടിന്‍റെ പേരില്‍ അവരുമായുണ്ടായ തര്‍ക്കം അവര്‍ ജോലി ചെയ്യുന്ന വീട്ടില്‍ വിളിച്ചറിയിച്ചിരുന്നു. അതിന്‍റെ പ്രതികാരമായാണ് തന്‍റെ ഫോണ്‍ നമ്പര്‍ ഇത്തരത്തില്‍ പരസ്യപ്പെടുത്തിയതെന്നാണ് യുവതിയുടെ പരാതി.
‘ആ വീട്ടുകാരോട് ഞാന്‍ അവരെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ല. അതിന്‍റെ പേരില്‍ ഇത്രയൊക്കെ ചെയ്യാമോ. ഒരു പെണ്ണിന്‍റെ പേരൊക്കെ ഇങ്ങനെ എഴുതിവയ്ക്കാമോ. ഇക്കാലത്ത് സ്ത്രീകളെയും പുരുഷന്മാരെയും ആരെയും വിശ്വസിക്കാന്‍ പറ്റില്ല. ഇക്കാര്യത്തില്‍ തക്കതായി നടപടിയുണ്ടാകണം. അതിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ ഞാന്‍ തയാറാണ്.’ – യുവതി പറഞ്ഞു.
ദുരുദ്ദേശത്തോടെ വിളിച്ച മുഴുവന്‍ ഫോണ്‍ നമ്പരുകള്‍ മലപ്പുറം വനിതാ സെല്ലിന് കൈമാറിയിട്ടും പൊലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്ന് യുവതി പറയുന്നു. നമ്പര്‍ എഴുതിവച്ചെന്ന് സംശയിക്കുന്ന ആളിനോട് പോലും കാര്യങ്ങള്‍ ചോദിക്കാന്‍ പൊലീസ് തയാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുള്ള അമല ഹൃദ്രോഗിയായ അച്ഛനൊപ്പമാണ് കഴിയുന്നത്. സാമൂഹികക്ഷേമ വകുപ്പിന്‍റെ വളന്‍റിയറും പാലിയേറ്റീവ് പ്രവര്‍ത്തകയുമാണ് പരാതിക്കാരി. പൊലീസ് സ്റ്റേഷനോ കോടതിയോ കയറിയിറങ്ങാനുളള അവസ്ഥയിലല്ലെന്നും എത്രയും വേഗം കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.