അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ ആറു വര്‍ഷത്തിനുശേഷം ലഭിച്ച ജാമ്യം നിരസിച്ച് ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേല്‍. ഡല്‍ഹിയില്‍ കഴിയുന്നത് സുരക്ഷിതമല്ലെന്ന് ആശങ്ക പ്രകടിപ്പിച്ചാണ് മിഷേല്‍ കോടതിയില്‍ നാടകീയ പ്രഖ്യാപനം നടത്തിയത്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം രാജ്യം വിടാന്‍ തയ്യാറാണെന്നും മിഷേല്‍ പറഞ്ഞു. പാസ്പോര്‍ട്ട് കാലാവധി തീര്‍ന്നതിനാല്‍ മിഷേലിന് സാധാരണഗതിയില്‍ പുറത്തിറങ്ങുന്നതിലും സങ്കീര്‍ണതകളുണ്ട്.
രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ ആറു വര്‍ഷത്തിലേറെനീണ്ട ജയില്‍വാസത്തിനുശേഷമാണ് ബ്രിട്ടീഷ് പൗരന്‍ ക്രിസ്ത്യന്‍ മിഷേലിന് ജാമ്യം ലഭിച്ചത്. ജാമ്യ ഉപാധികള്‍ തീരുമാനിക്കാന്‍ ഡല്‍ഹി റൗസ് അവന്യൂവിലെ പ്രത്യേക കോടതിയില്‍ മിഷേലിനെ ഹാജരാക്കി. പക്ഷേ കോടതിയെയും അന്വേഷണ ഏജന്‍സികളെയും അമ്പരിപ്പിക്കുന്നതായിരുന്നു മിഷേലിന്‍റെ വാക്കുകള്‍. താന്‍ ജാമ്യം സ്വീകരിക്കുന്നില്ലെന്നും ജയിലില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും മിഷേല്‍. ഡൽഹിയിൽ സുരക്ഷിതമായ ഒരു താമസസ്ഥലം കണ്ടെത്താനാവില്ലേയെന്ന് കോടതി ചോദിച്ചു. തിഹാറില്‍നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം ഭീഷണിയുണ്ട്, ഡല്‍ഹിയില്‍ താമസിക്കുന്നത് സുരക്ഷിതമല്ല എന്നായിരുന്നു മറുപടി. കോടതിക്കുപുറത്തും മിഷേല്‍ ഇക്കാര്യം ആവര്‍ത്തിച്ചു.
രാജ്യം വിടരുത്, 15 ദിവസത്തിലൊരിക്കൽ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുമ്പില്‍ ഹാജരാകണം, കാലാവധി തീര്‍ന്ന പാസ്പോര്‍ട്ട് പുതുക്കി ഹാജരാക്കണം തുടങ്ങിയവയാണ് ജാമ്യം ഉപാധികള്‍. ഇഡി, സിബിഐ കേസുകളിലായി 10 ലക്ഷം രൂപയുടെ ബോണ്ടും നൽകണം. മലയാളികളായ അല്‍ജോ ജോസഫ്, ശ്രീറാം പറക്കാട്ട് എന്നിവരാണ് മിഷേലിനായി കോടതിയില്‍ ഹാജരായത്. സിബിഐ കേസില്‍ സുപ്രീം കോടതിയും ഇഡി കേസില്‍ ഡൽഹി ഹൈക്കോടതിയുമാണ് മിഷേലിന് ജാമ്യം അനുവദിച്ചത്. 2010ല്‍ യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന 3,600 കോടി രൂപയുടെ വിവിഐപി ഹെലികോപ്ടര്‍ ഇടപാടിന് ഇടനിലക്കാരനായ മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.