ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും 17 കോടിയിലധികം വില വരുന്ന സ്വര്‍ണവുമായി പിടിയിലായ കന്നട നടി രന്യ റാവു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സിന്‍റെ കസ്റ്റഡിയിലാണ്. 14 സ്വര്‍ണ ബാറുകള്‍ രന്യയുടെ ശരീരത്തില്‍ വെച്ചു കെട്ടിയ നിലയിലായിരുന്നു. ടേപ്പും ബാന്‍ഡേജും ഉപയോഗിച്ച് ഇവ തുടയില്‍ കെട്ടിവെയ്ക്കുകായിരുന്നു എന്നാണ് ഡിആര്‍ഐ വ്യക്തമാക്കുന്നത്.
ദുബായ് കൂടാതെ യൂറോപ്പിലേക്കും അമേരിക്കയിലും രന്യ റാവു എത്തിയെന്നാണ് നല്‍കിയ മൊഴി. സമീപ മാസങ്ങളിൽ അഞ്ച് മുതൽ പത്ത് ദിവസം വരെയുള്ള ചെറിയ ഇടവേളകളിൽ രന്യ ദുബായിലേക്കും മലേഷ്യയിലേക്കും പതിവായി നടത്തിയ യാത്രകൾ ഡിആർഐയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ നാലു തവണയാണ് രന്യ ദുബൈയിലേക്ക് പറന്നത്. ഇതാണ് രന്യയിലേക്ക് പിടിവീഴാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
സ്വര്‍ണം കടത്താന്‍ പല വഴി
രന്യ റാവുവിന്‍റെ പരമ്പരാഗത രീതിയാണ് സ്വര്‍ണം കടത്താന്‍ ഉപയോഗിച്ചത്. ശാരീരിക പരിശോധനയ്ക്കിടെയാണ് സ്വർണം കണ്ടെത്തിയയത്. ഒരു കിലോ വീതം ഭാരമുള്ള 14 സ്വർണക്കട്ടികൾ തുടയിൽ ബാൻഡേജുകള്‍ കൊണ്ട് കെട്ടിവെച്ചു. ശേഷം ഇതിന് മുകളില്‍ പാന്റ്സ് ധരിച്ചു. ഇതിനൊപ്പം സ്വര്‍ണം കടത്താന്‍ പ്രത്യേക ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയും ഉപയോഗിച്ചിരുന്നതായും വിവരുണ്ട്.
എന്നാല്‍ ഇന്ന് സ്വര്‍ണം കടത്താന്‍ പല വ്യത്യസ്ത രീതികളും കള്ളകടത്തു സംഘം ഉപയോഗിക്കുന്നുണ്ട്. സ്വര്‍ണം ഉരുക്കി ചെറുതാക്കി മലാദ്വാരത്തില്‍ ഒളിപ്പിക്കുന്നതാണ് സ്വര്‍ണ കടത്ത് സംഘങ്ങളുടെ രീതി. കഴിഞ്ഞ മേയില്‍ ഡിആര്‍ഐ എയര്‍ഇന്ത്യ എക്സ്പ്രസ് ക്രൂ ജീവനക്കാരിയായ സുരഭി ഖതുനെയില്‍ നിന്നും 960 ഗ്രാം സ്വര്‍ണം ഇത്തരത്തില്‍ കടത്തുന്നതിനിടെ പിടികൂടിയിരുന്നു.
ചിലര്‍ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി പിന്നീട് മലാദ്വാരത്തിലൊളിപ്പിച്ച് കടത്തുന്നു എന്നാണ് ഉദ്യോഗസ്ഥർ നല്‍കുന്ന വിവരം. 2023 ഡിസംബറിൽ വാരണാസി വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപ വിലമതിക്കുന്ന 884 ഗ്രാം സ്വർണ പേസ്റ്റുമായി ഒരാളെ പിടികൂടിയിരുന്നു. ക്രിക്കറ്റ് ബാറ്റുകളിലും, ബേബി ഡയപ്പറുകളിലും, സോപ്പുകളിലും പോലും സ്വർണ്ണം മോഷ്ടിച്ച കേസുണ്ട്.
കുട്ടികളുടെ ഡയപ്പറില്‍ സ്വര്‍ണം കടത്തുന്നതാണ് മറ്റൊരു രീതി. 2023 മാര്‍ച്ചില്‍ മംഗളൂരു എയര്‍പോര്‍ട്ടില്‍ നിന്നും 21 മാസം പ്രായമായ കുഞ്ഞിന്‍റെ ഡയപ്പറില്‍ സ്വര്‍ണം കടത്തിയതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണം ഡയപ്പറിന്‍റെ പൗച്ചുകളിലാണ് ഒളിപ്പിച്ചിരുന്നത്. സ്ത്രീകളുടെ സാനിറ്ററി പാഡാണ് മറ്റൊരു വഴി. കഴിഞ്ഞ ജവുവരിയില്‍ അബുദാബിയില്‍ നിന്നും അഹമ്മദാബാദിലേക്ക് എത്തിയ സ്ത്രീയില്‍ നിന്നും സ്വര്‍ണം 763.360 ഗ്രാം സ്വർണമാണ് പിടിച്ചത്.
2024 ല്‍ ഇന്ത്യയില്‍ നിന്നും 4,869.6 കിലോ സ്വര്‍ണമാണ് കള്ളകടത്തിനിടെ പിടിച്ചത്. 2023 ല്‍ 3,917 കിലോ, 2022 ല്‍ 3,502 കിലോ എന്നിങ്ങനെയാണ് പിടികൂടിയ സ്വര്‍ണത്തിന്‍റെ കണക്ക്.