രാജ്യത്തെ നടുക്കി മംഗളൂരു പൊലീസിന്റെ വൻ ലഹരി വേട്ട. 38.8 കിലോ എം.ഡി.എം.എയുമായി രണ്ട് ദക്ഷിണാഫ്രിക്കൻ വനിതകളെ പിടികൂടി. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. ആറ് മാസം മുൻപ് മംഗളൂരു പമ്പ് വെല്ലിലെ ലോഡ്ജിൽ നിന്നും ഹൈദർ അലിയെന്നയാളെ എം.ഡി.എം.എയുമായി പിടികൂടിയ കേസിന്റെ അന്വേഷണമാണ് രാജ്യമാകെ വ്യാപിച്ചു കിടക്കുന്ന ലഹരി റാക്കറ്റിലേക്ക് എത്തിയത്.
ഹൈദർ അലിക്ക് പിറകെ ബംഗളൂരുവിൽ നിന്നും നൈജീരിയൻ പൗരൻ പീറ്റർ ഇക്കാഡിയെ ആറ് കിലോ ലഹരി മരുന്നുമായി പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആഭ്യന്തര വിമാന സർവീസുകളിൽ വിദേശികളെ ഉപയോഗിച്ച് ലഹരി കടത്തുന്നു എന്ന വിവരം കിട്ടിയത്. ഡൽഹി കേന്ദ്രീകരിച്ചുള്ള ഈ സംഘത്തിനായി വല വിരിച്ചു കാത്തിരിക്കുകയായിരുന്നു മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച്.
വെള്ളിയാഴ്ച ഡൽഹിയിൽ നിന്നും ലഹരിമരുന്നുമായി വിദേശികൾ ബംഗളൂരുവിലെത്തി എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇലക്ട്രോണിക് സിറ്റിക്ക് സമീപം വെച്ച് ദക്ഷിണാഫ്രിക്കൻ സ്വദേശികളായ അഡോണിസ് ഫാബിലി, ആബിഗലി അഡോണിസ് എന്നിവരെ പിടികൂടി. ഇവരുടെ ട്രോളി ബാഗുകളിൽ നിന്നാണ് 38.87 കിലോ എം.ഡി.എം.എ പിടികൂടിയത്. ബിസിനസ് വിസയിൽ രാജ്യത്തെത്തിയ ഇരുവരും വർഷങ്ങളായി ലഹരി കടത്ത് നിയന്ത്രിക്കുന്ന വൻ മാഫിയയുടെ ഭാഗമായി പ്രവർത്തിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.