kanjangad-theft

TOPICS COVERED

കാസർകോട് കാഞ്ഞങ്ങാട് ഏച്ചിക്കാനത്ത് തോക്ക് ചൂണ്ടി പത്ത് ലക്ഷം രൂപ കവര്‍ന്ന കേസിൽ പ്രതികള്‍ പിടിയില്‍. മൂന്ന് ബിഹാറുകാരും ഒരു അസംകാരനുമാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. 

ഏച്ചിക്കാനത്തെ ജാസ് ഗ്രാനൈറ്റ് ക്രഷറിന്‍റെ മാനേജര്‍ കോഴിക്കോട് മരുതോംകര സ്വദേശി പി.പി രവീന്ദ്രനില്‍ നിന്ന് 10,20,000 രൂപയും മൊബൈല്‍ ഫോണുമാണ് പ്രതികൾ സംഘം തട്ടിയെടുത്തത്. ക്രഷറിലെ ജീവനക്കാരന്‍ അസം  സ്വദേശി ധനഞ്ജയ് ബോറ, ബിഹാര്‍ സ്വദേശികളായ ഇബ്രാന്‍ ആലം, മുഹമ്മദ് മാലിക്, മുഹമ്മദ് ഫാറൂഖ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ ജോലി കഴിഞ്ഞ് കളക്ഷനുമായി താമസ സ്ഥലത്തേക്ക് പോകാന്‍ ഓട്ടോ കാത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. തോക്ക് ചൂണ്ടി രവീന്ദ്രനെ ചവിട്ടി വീഴ്ത്തിയ ശേഷമായിരുന്നു കവര്‍ച്ച.

കവർച്ചയ്ക്ക് ശേഷം ഇവർ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ കാര്‍ ഉപേക്ഷിച്ച് കര്‍ണാടകത്തിലേക്ക് കടന്നു. മംഗളൂരുവിൽ നിന്ന് കര്‍ണാടക പൊലീസിന്‍റെ സഹായത്തോടെയാണ് ഹൊസ്ദുർഗ് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. ക്രഷറിലെ ജീവനക്കാരന്‍ ധനഞ്ജയ് ആണ് രവീന്ദ്രന്‍ ഓഫീസില്‍ നിന്ന് ഇറങ്ങിയ വിവരം കവർച്ചസംഘത്തിന് കൈമാറിയത്. ഉപയോഗിച്ച തോക്ക് കളിത്തോക്കാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കവര്‍ന്ന പണത്തില്‍ 9,64,000 രൂപയും പൊലീസ് കണ്ടെടുത്തു. ഇവർ മറ്റിടങ്ങളില്‍ കുറ്റകൃത്യം നടത്തിയിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

Police have arrested the suspects involved in the ₹10 lakh armed robbery that took place in Echikkanam, Kanhangad, Kasaragod.