റമസാൻ മാസത്തിൽ ഭിക്ഷാടകർക്കെതിരെ നടപടി ശക്തമാക്കി ദുബായ് പൊലീസ്. റമസാനിലെ ആദ്യ പത്തു ദിവസങ്ങൾക്കിടെ 33 യാചകർ പിടിയിലായതായി പൊലീസ് അറിയിച്ചു. ‘യാചകരില്ലാത്ത, അവബോധമുള്ള സമൂഹം’ എന്ന പേരിൽ ദുബായ് പൊലീസ് നടത്തുന്ന ക്യാംപെയിനിന്‍റെ ഭാഗമായാണ് നടപടി.
ക്യാംപെയ്ന്‍റെ ഭാഗമായി റമസാനിലെ ആദ്യ ദിവസം 9 ഭിക്ഷാടകരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ അഞ്ച് പുരുഷന്മാരും നാല് സ്ത്രീകളും ഉൾപ്പെടുന്നു. യുഎഇയിൽ ഭിക്ഷാടനം ഗുരുതര കുറ്റമായാണ് കണക്കാക്കപ്പെടുന്നത്. 5,000 ദിർഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.
സഹതാപത്തിന്‍റെ അടിസ്ഥാനത്തിൽ യാചകരെ പ്രോൽസാഹിപ്പിക്കരുത്. അർഹരായവർക്ക് സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം സഹായങ്ങൾ നൽകണമെന്നും പൊതുജനങ്ങളോട് പൊലീസ് നിർദേശിച്ചു.