പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുടെ ഭാര്യ വിലാസിനിയുടെ മൊഴി പുറത്ത്. ചെന്താമര തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നും ദേഹോപദ്രവത്തില്‍ സഹികെട്ടാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്നും ചെന്താമരയുടെ ഭാര്യ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലാണ് ചെന്താമരയുടെ വിലാസിനിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഭാര്യ പിണങ്ങി പോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയും അയല്‍വാസിയായ പുഷ്പയുമാണെന്നും അതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നുമാണ് ചെന്താമര പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ അതല്ല സത്യമെന്നാണ് ഇപ്പോള്‍ ഭാര്യയുടെ വെളിപ്പെടുത്തല്‍.
തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും ചെന്താമരയുടെ ഭാര്യ എന്ന പേരില്‍ അറിയപ്പെടാന്‍ പോലും തനിക്ക് താല്പര്യമില്ലെന്നും അയല്‍വാസികളോടെല്ലാം വളരെ മോശമായാണ് ചെന്താമര പെരുമാറിയിരുന്നതെന്നും ഭാര്യ വെളിപ്പെടുത്തി. അയല്‍ക്കാരെ ഒരുതരത്തിലും അംഗീകരിക്കാത്ത പ്രകൃതമായിരുന്നു ചെന്താമരയുടേത്. ജ്യോല്‍സ്യന്മാര്‍ പറയുന്നത് അതുപോലെ വിശ്വസിക്കുന്ന രീതിയായിരുന്നു. മകളുടെ ഭാവി ഓര്‍ത്ത് മാറിത്താമസിച്ചത് നല്ല തീരുമാനമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടെന്നും വിലാസിനി പൊലീസിനോട് പറഞ്ഞു.
താന്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നതെന്ന് പോലും ചെന്താമരയ്ക്ക് അറിയില്ലെന്നും ഭാര്യ പറഞ്ഞു. ചെന്താമര ഒരിക്കലും ജയിലിന് പുറത്തിറങ്ങരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും വിലാസിനി. പുറത്തിറങ്ങിയാല്‍ ഇനിയും നിരവധിപേരെ വകവരുത്താനുള്ള സാധ്യതയുണ്ടെന്നും ഭാര്യ പറഞ്ഞു.
ഇക്കഴിഞ്ഞ ജനുവരി 27ന് പോത്തുണ്ടി സ്വദേശികളായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര കൊലപ്പെടുത്തിയത്. സ്‌കൂട്ടറില്‍ വരികയായിരുന്ന സുധാകരനെ വടിയില്‍ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയേയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ലക്ഷ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരന്റെ ഭാര്യ സജിതയും അയല്‍വാസിയായ പുഷ്പയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടില്‍ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കേസില്‍ പിടിയിലായ ചെന്താമരയ്ക്ക് പിന്നീട് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊലപ്പെടുത്തിയത്.