aluva-kudumbasree

TOPICS COVERED

ആലുവ കീഴ്മാട് പഞ്ചായത്തിലെ പതിനൊന്ന് കുടുംബശ്രീ അക്കൗണ്ടുകളിലേക്ക് അനധികൃതമായി പണം നിക്ഷേപിച്ചു. ബാങ്കിന്‍റെ വാര്‍ഷിക ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സി.ഡി.എസ് അംഗങ്ങളും കൂട്ടുനിന്നതായാണ് സംശയം. സംഭവത്തില്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ബാങ്ക് മനേജരെ മാറ്റി നിര്‍ത്തി അന്വേഷണം പ്രഖ്യാപിച്ചു.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനാല്‍ വായ്പ ടാര്‍ജറ്റ് തികയ്ക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ആലുവ ജി.ടി.എന്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ അക്വണ്ടുകളിലേക്ക് പണം നിക്ഷേപിച്ചത്. കീഴ്മാട് പഞ്ചായത്തിലെ 11 കുടുംബശ്രീ യൂണിറ്റുകളുടെ അക്വണ്ടുകളിലേക്ക് വായ്പ തുകയായി ഒരുകോടി രൂപ വരെ നിക്ഷേപിച്ചു. പണം നിക്ഷേപിച്ച് രണ്ട് മാസത്തിനുള്ളില്‍ വായ്പ തിരിച്ചടച്ചതായി കാണിച്ച് പണം പിന്‍വലിച്ചിട്ടുണ്ട്. ഡിസംബര്‍ മാസം മുതല്‍ പ്രിന്‍റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ പാസ്ബുക്കില്‍ ബാലന്‍സ് പ്രിന്‍റ് ചെയ്ത് നല്‍കിയിരുന്നില്ല. പിന്നീട് നിര്‍ബന്ധപൂര്‍വം  കുടുംബശ്രീ പ്രവര്‍ത്തകര്‍ ബാങ്കിലെത്തി പാസ്ബുക്ക് പതിച്ചപ്പോഴാണ് ഉദ്യോഗസ്ഥരുടെ കള്ളക്കളി പുറത്തായത്. 

അനധികൃത നിക്ഷേപത്തെ കുറിച്ച് പറയാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ചപ്പോള്‍ കുഴപ്പമില്ലെന്ന മറുപടിയാണ് സിഡിഎസ് അംഗം നല്‍കിയത്. ‌ ​ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം സി.ഡി.എസ് അംഗങ്ങള്‍ക്കും അനധികൃത നിക്ഷേപത്തില്‍ പങ്കുണ്ടെന്ന് കീഴ്മാട് പഞ്ചായത്തിലെ പ്രതിപക്ഷം ആരോപിച്ചു. ടാര്‍ജറ്റ് കള്ളക്കളി മാത്രമാണോ പിന്നിലെന്നറിയാന്‍ ഉത്തരേന്ത്യന്‍ സ്വദേശിയായ ബ്രാഞ്ച് മാനേജര്‍ ദാബാഷിസ് വിശ്വാസിനെ മാറ്റി നിര്‍ത്തി ബാങ്ക് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെയും സമാനമായ രീതിയില്‍ അനധികൃത നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് ആരോപണം.

ENGLISH SUMMARY:

Unauthorized deposits were made into 11 Kudumbashree accounts in Keezhmadu Panchayat, Aluva. Officials, along with CDS members, are suspected of involvement in meeting the bank’s annual targets. A North Indian bank manager has been removed, and an investigation has been launched.