ആലുവ സബ്ജയിലിൽ ലഹരി കേസ് പ്രതികളുടെ ആക്രമണം. നാല് പേർ ചേർന്ന് അസിസ്റ്റന്റ് പ്രിസൺ ഓഫിസർ കെ.ജി സരിനെ വളഞ്ഞിട്ട് തല്ലി. ഭക്ഷണം വിളമ്പുന്ന സമയത്തു ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ഇന്നലെ ഉച്ചയ്ക്കാണ് ലഹരി കേസിലെ പ്രതികളായ അഫ്സൽ പരീദ്, ചാൾസ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്ന്l അസി. പ്രിസൻ ഓഫീസർ കെ.ജി.സരിനെ ആക്രമിച്ചത്. ഭക്ഷണം വിളമ്പുന്ന സമയത്ത് ഒച്ചപ്പാടുണ്ടാക്കിയ അഫ്സലിനെ സൂപ്രണ്ടിന്‍റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമം. ഉച്ചഭക്ഷണം കഴിക്കാൻ സെല്ലിൽനിന്നു പുറത്തിറങ്ങിയ അഫ്‌സൽ മറ്റ് സെല്ലുകളിലുള്ളവരുമായി സംസാരിച്ചത് ജയിൽ ഉദ്യോഗസ്ഥർ തടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ജീവനക്കാരനെ മർദിക്കുന്നതിൽ കലാശിച്ചത്. സൂപ്രണ്ട് ഓഫീസിലേക്ക് അഫ്‌സൽ പരീതിനെ ബലം പ്രയോഗിച്ച് കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ പ്രതികളായ മറ്റ് മൂന്നുപേർ ചേർന്ന് തടയാൻ ശ്രമിച്ചു. സൂപ്രണ്ട് ഓഫീസിനു മുൻപിൽ വെച്ച് ഉന്തുംതള്ളുമായതോടെ മുൻവശത്തെ വാതിലിന്റെ ഗ്ലാസ് തകർന്നു. ഈ ചില്ലുവെച്ച് ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് സരിന് മുറിവേറ്റത്. ഇതുസംബന്ധിച്ച് ജയിൽ അധികൃതർ പറവൂർ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. 350 ഗ്രാം എംഡിഎംഎയാണ് പ്രതികളിൽനിന്ന് കണ്ടെടുത്തത്. പ്രതികൾക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. സംഭവത്തിൽ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് ആലുവ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ആലുവ സബ് ജയിലിലുണ്ടായ ആക്രമണത്തെ തുടർന്ന് അഫ്‌സൽ പരീതിനെയും മുനീസ് മുസ്തഫയെയും ജയിൽ ഡി.ജി.പി.യുടെ നിർദേശപ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടനെ മാറ്റിയേക്കും.