AI Generated Image

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് ജീവന്‍ പൊലിഞ്ഞതിന്‍റെ ഞെട്ടലിലും തോരാക്കണ്ണീരിലുമാണ് മധ്യപ്രദേശിലെ സിന്ധിയിലെ കുടുബം. സിഹോലിയ ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. അഭയ് രാജ് യാദവ് (34), ഭാര്യ സവിത(30), അഭയിന്‍റെ മുത്തശ്ശന്‍ രാമവതാര്‍ യാദവ് എന്നിവരാണ് മരിച്ചത്. 

ലഹരിക്കടിമയായ അഭയും ഭാര്യയും തമ്മില്‍ മിക്കവാറും കലഹം പതിവായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. മദ്യപാനവും കഞ്ചാവുപയോഗവും പതിവാക്കിയ അഭയ് വെള്ളിയാഴ്ച വൈകുന്നേരം ഭാര്യ സവിതയെ മര്‍ദിച്ചു. പിന്നാലെ കോടാലിയെടുത്ത് വെട്ടിക്കൊല്ലുകയായിരുന്നു. ലഹരിയുടെ കെട്ടിറങ്ങി കഴിഞ്ഞപ്പോള്‍ മുത്തശ്ശനും അഭയ്​യുമായി ഇതേച്ചൊല്ലി കടുത്ത വാഗ്വാദമുണ്ടായി. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ അഭയ് തൂങ്ങി മരിച്ചു.  അഭയിനെയും ഭാര്യ സവിതയെയും രാത്രി ഒന്‍പത് മണിയോടെ ഒന്നിച്ച് ദഹിപ്പിച്ചു. 

മണിക്കൂറുകള്‍ക്കുള്ളില്‍ കൊച്ചുമകനെയും ഭാര്യയെയും നഷ്ടമായതില്‍ ദുഖാര്‍ത്തനായ രാമവതാര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോവുകയും അഭയ്​യിന്‍റെ ചിതയിലേക്ക് ചാടി ജീവനൊടുക്കുകയുമായിരുന്നു. പിന്നാലെ തിരഞ്ഞെത്തിയ വീട്ടുകാര്‍ക്ക് പൂര്‍ണമായും കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്താനായത്. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മരണത്തില്‍ മറ്റാര്‍ക്കെങ്കിലും  പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും ബഹ്​റി പൊലീസ് അറിയിച്ചു.

ENGLISH SUMMARY:

A shocking incident in Madhya Pradesh’s Siholia village left three family members dead within hours. A drug-addicted man killed his wife before taking his own life after an argument with his grandfather. And his grieving grandfather jumped into their funeral pyre.