കൊല്ലം ഉളിയക്കോവിലിൽ ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിനെ (22) വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ കുത്തേറ്റുവീഴുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഫെബിൻ റോഡരികിൽ വീഴുന്നതും ദൃശ്യങ്ങളിൽ. നെഞ്ചിലും കഴുത്തിലും കുത്തേറ്റതായി ദൃക്സാക്ഷി മൊഴി. ബുര്‍ഖ ധരിച്ചെത്തിയ പ്രതിയെ കണ്ടതായി അയൽവാസികൾ.
പര്‍ദ്ദ ധരിച്ച് ഫെബിന്‍റെ വീട്ടിലെത്തിയ തേജസ് ആദ്യം കോളിംഗ് ബെല്ലടിച്ചു. ഫെബിന്‍റെ അച്ഛനാണ് വാതില്‍ തുറന്നത്. അദ്ദേഹത്തെ ആക്രമിച്ച പ്രതി ശബ്ദം കേട്ട് ഓടിയെത്തിയ ഫെബിനെ കുത്തി വീഴ്ത്തുകയായിരുന്നു. തേജസിന്‍റെ കയ്യില്‍ പെട്രോള്‍ ഉണ്ടായിരുന്നു. ഇത് വീട്ടിലേയ്ക്ക് ഒഴിക്കാനും ഇയാള്‍ ശ്രമിച്ചു.
ആക്രമണം തടയാൻ ശ്രമിച്ച പിതാവ് ജോർജ് ഗോമസിന് വാരിയെല്ലിനും കൈയ്ക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രാത്രി ഏഴുമണിയോടെ നടന്ന ഈ സംഭവത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതി കാറിൽ എത്തിയതും കയ്യിൽ ഇന്ധനം കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.
ഫെബിനെ കുത്തിയശേഷം പ്രതി തേജസ് രാജ് (24) ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. നീണ്ടകര സ്വദേശിയായ തേജസ് രാജിന്റെ മൃതദേഹം കടപ്പാക്കടയിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പ്രതിയുടെ കാർ സമീപത്ത് നിർത്തിയ നിലയിലായിരുന്നു. ഇതില്‍ നിറയെ ചോരപ്പാടുകളുണ്ട്. തേജസ് പൊലീസുകാരന്‍റെ മകനാണെന്നാണ് വിവരം.