ലഹരി വില്പനയെക്കുറിച്ച് പൊലീസിൽ വിവരം നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ വീട് ആക്രമിച്ച് ലഹരിക്കേസ് പ്രതിയും സഹോദരനും. കാസർകോട് മാസ്തിക്കുണ്ട് സ്വദേശി അഹമ്മദ് സിനാന്റെ വീടാണ് ആക്രമിച്ചത്. ചെങ്കള സ്വദേശി ഉമ്മർ ഫാറൂഖും സഹോദരൻ നയാസും ചേർന്നാണ് ആക്രമണം.
മാസ്തിക്കുണ്ടിൽ വീട് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും ഉണ്ടായിരുന്നു. ഇതിനെതിരെ അഹമ്മദ് സിനാന്റെ നേതൃത്വത്തിൽ നാട്ടുകാർ കഴിഞ്ഞ ദിവസം ആദൂർ പൊലീസിൽ പരാതി നൽകി. പരിശോധനയ്ക്കെത്തിയ പൊലീസ് ലഹരിമരുന്ന് ഉപയോഗിച്ചതിന് ഉമ്മർ ഫാറൂഖിനെയും സുഹൃത്ത് അബൂബക്കർ സിദ്ദിഖിനെയും അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ എടുക്കുമ്പോൾ കൈയ്യിൽ ലഹരി മരുന്ന് ഇല്ലാത്തതിനാൽ പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു.
ഇതിന് പിന്നാലെയാണ് സഹോദരൻ നയാസിന്റെ സഹായത്തോടെ സിനാനെ വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ സിനാനും മാതാവ് സൽമക്കും പരുക്കേറ്റു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വിദ്യാനഗർ പൊലീസ് കേസെടുത്തു.