ഇടുക്കി നെടുങ്കണ്ടം കോമ്പയാറിൽ അഥിതി തൊഴിലാളിയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിനി സരസ്വതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനെ നെടുങ്കണ്ടം പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇന്ന് രാവിലെയാണ് മധ്യപ്രദേശ് സ്വദേശിനിയായ സരസ്വതിയെ കോമ്പയറിലെ ഏലത്തോട്ടത്തിന് സമീപമുള്ള വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം സരസ്വതിയും ഭർത്താവ് രാജേഷും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം തർക്കമുണ്ടാക്കിയിരുന്നു. തർക്കം മൂർച്ഛിച്ചതോടെ രാജേഷ് സരസ്വതിയെ ക്രൂരമായി മർദ്ദിച്ചു. ബഹളം കേട്ട് സ്ഥലത്തെത്തിയ ഏലത്തോട്ടത്തിന്റെ സൂപ്പർവൈസർ പൊലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങിയെങ്കിലും ഒപ്പമുള്ള തൊഴിലാളികൾ മദ്യലഹരി വിട്ട ശേഷം രാവിലെ ഇവരെ സ്റ്റേഷനിൽ എത്തിക്കാമെന്ന് ഉറപ്പുനൽകി. ഇതോടെ പൊലീസ് സംഘം മടങ്ങുകയായിരുന്നു.
ഒരാഴ്ച മുൻപാണ് സരസ്വതിയും ഭർത്താവ് രാജേഷും കോമ്പയാറിൽ ജോലിക്കെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി കൃഷിയിടത്തിന് സമീപമുള്ള വീട്ടിലാണ് ഇരുവരും താമസിച്ചത്. ഇന്നലെ പൊലീസ് സംഘം മടങ്ങിയതിനു ശേഷം രാജേഷ് ക്രൂരമായി സരസ്വതിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും പോലീസ് കണ്ടെടുത്തു. മദ്യലഹരിയിലുള്ള ഇയാൾ ഇതുവരെ കൊലപാതകം നടത്തിയെന്ന് സമ്മതിച്ചിട്ടില്ല. മധ്യപ്രദേശിൽ രാജേഷിനും സരസ്വതിക്കും വേറെ കുടുംബം ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം സരസ്വതിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.