കേരളത്തിലേക്ക് വൻതോതിൽ ലഹരി കടത്തിയ ടാൻസനിയക്കാരനെ ബെംഗളൂരുവിലെ വീടുവളഞ്ഞ് പിടികൂടി കേരളാ പൊലീസ്. കർണാടകയില്‍ ബിസിഎ വിദ്യാർഥിയായ പ്രിൻസ് സാംസണെയാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വന്തമായി എം.ഡി.എം.എ ഉൽപാദിപ്പിച്ചിരുന്നെന്ന് സംശയിക്കുന്നതായി പൊലീസ്.
ഇന്നലെ വൈകീട്ടോടെയാണ് 24 കാരനായ പ്രതിയെ പൊലീസ് ഡാൻസാഫ് സംഘം പിടികൂടിയത്. വാടകവീട് വളഞ്ഞു സാഹസികമായായിരുന്നു ദൗത്യം. കഴിഞ്ഞ 24 ന് മുത്തങ്ങ ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന വാഹനപരിശോധനക്കിടെ മലപ്പുറം സ്വദേശി ഷഫീഖിൽ നിന്ന് 94 ഗ്രാം MDMA പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചെയ്തതിലൂടെയാണ് അന്വേഷണം പ്രിൻസ് സാംസണിൽ എത്തുന്നത്.
വിദേശരാജ്യങ്ങളിൽ നിന്നു കൊണ്ടു വന്നതും സ്വയം ഉൽപാദിപ്പിച്ചതുമായ എം. ഡി. എം. എ പ്രതി വൻതോതിൽ വിതരണം ചെയ്തിരുന്നതായാണ് പൊലീസ് വിവരം. ലഹരിക്കടത്തു സംഘത്തിലെ പ്രധാനകണ്ണിയാണ്. മലയാളികളായ ഡീലർമാർ ഇയാൾക്ക് കീഴിലുണ്ടെന്നും കേരളത്തിലേക്ക് ഇയാൾ വഴി വലിയ അളവിൽ ലഹരി എത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. പ്രതിയുടെ അക്കൗണ്ടിൽ രണ്ടു മാസത്തിനിടെ 80 ലക്ഷം രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. വീട്ടിൽ നടത്തിയ പരിശോധനയിൽ നാലു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പിടികൂടി. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയുൾപ്പെട്ട ലഹരി സംഘത്തിൽ മലയാളികൾ അടക്കം നിരവധി പേർ ഉണ്ടെന്നാണ് വിലയിരുത്തൽ.