ലഹരികടത്തിന് വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. പാലക്കാട് കൂട്ടുപാത സ്വദേശി ഷാജി, ചന്ദ്രനഗർ സ്വദേശികളായ ജിത്തു, അനീഷ് എന്നിവരാണ് പാലക്കാട് കസബ പൊലീസിന്‍റെ പിടിയിലായത്. മൂവരും നേരത്തെയും ലഹരി കടത്തിയതിനും കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കേസുകളിലും പ്രതിയാണെന്ന് പൊലീസ്.
ഈമാസം ഒന്നിന് വൈകിട്ടാണ് സവാരിക്കെന്ന വ്യാജേന വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനെ വിളിച്ച് വരുത്തി കൂട്ടുപാതയിലെത്തിച്ചത്. തുടര്‍ന്ന് മറ്റൊരാളെയും കയറ്റാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു. കഞ്ചാവ് പൊതി നഗരത്തിലെ കടയില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ചതിന് പിന്നാലെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ചികില്‍സയിലായിരുന്ന അബ്ബാസ് മര്‍ദനവിവരം കഴിഞ്ഞദിവസമാണ് പൊലീസിനെ അറിയിച്ചത്. പിന്നാലെ മൂവരെയും പിടികൂടുകയായിരുന്നു. ലഹരികടത്തിന് വിസമ്മതിച്ചതിന്‍റെ പേരില്‍ മര്‍ദിച്ചുവെന്നതിനപ്പുറം ആക്രമണത്തിന് മറ്റ് കാരണങ്ങളുണ്ടോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.