ആലപ്പുഴയിലെ എയ്ഡഡ് സ്കൂളിൽ കാഴ്ച പരിമിതിയുള്ള വിദ്യാർഥിനിയെ സഹപാഠിയായ വിദ്യാർഥിനി ക്ലാസ്മുറിയിൽ പൂട്ടിയിട്ടു മർദിച്ചതായി പരാതി. വിദ്യാർഥിനികൾ തമ്മിൽ നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യത്തിന്റെ തുടർച്ചയായിരുന്നു മർദനമെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഒരു കണ്ണിന് കാഴ്ച പരിമിതിയുള്ള വിദ്യാർഥിനിക്കു മർദനത്തിൽ നടുവിനു ക്ഷതമേറ്റു. രക്ഷാകർത്താക്കളുടെ പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.
തിങ്കളാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം ക്ലാസ്മുറിയിലേക്കു വിളിച്ചു വരുത്തി, സഹപാഠികളെ മുറിക്കു കാവൽ നിർത്തിയ ശേഷം മർദിച്ചെന്നാണു പരാതി. കൈമുട്ടുകൊണ്ടു പലതവണ മുതുകിൽ മർദിച്ചു. അവശനിലയിലായ വിദ്യാർഥിനി പുറത്തിറങ്ങി അധ്യാപകനെ വിവരമറിയിച്ചെങ്കിലും പ്രശ്നം പുറത്തറിയാതിരിക്കാനാണ് സ്കൂൾ അധികൃതർ ശ്രമിച്ചതെന്നാണ് ആരോപണം. മർദനമേറ്റ ദിവസം തന്നെ വിദ്യാർഥിനിയെ ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയ ശേഷം വിട്ടയച്ചിരുന്നു. എന്നാൽ ഇന്ന് ശ്വാസംമുട്ടലിനെത്തുടർന്ന് വീണ്ടും ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. പരിശോധനയിൽ നടുവിനു ക്ഷതമേറ്റിട്ടുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു വൈകിട്ടോടെ വണ്ടാനം മെഡിക്കൽ കോളജിലേക്കു മാറ്റി.
രണ്ടു കുട്ടികളുടെയും രക്ഷാകർത്താക്കളെ വിളിച്ചു വരുത്തിയപ്പോൾ പരാതിയില്ലെന്ന് ഇരുകൂട്ടരും അറിയിച്ചിരുന്നതായി സൗത്ത് പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ പരാതി വനിതാ സ്റ്റേഷനിലേക്കു കൈമാറുമെന്നും കേസെടുക്കുമെന്നും എസ്എച്ച്ഒ കെ.ശ്രീ ജിത്ത് പറഞ്ഞു. പരീക്ഷകൾ എഴുതാനുള്ളതിനാൽ കുട്ടികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഒത്തുതീർപ്പിനു ശ്രമിച്ചതെന്ന് സ്കൂൾ അധികൃതർ പറയുന്നത്.