ips-arrest

TOPICS COVERED

ഐപിഎസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വിവാഹവാഗ്ദാനം നല്‍കി യുവതിയുടെ പണവും വാഹനവും തട്ടിയെടുത്തയാള്‍ കൊച്ചിയില്‍ പിടിയില്‍. മലപ്പുറം സ്വദേശി വിപിന്‍ കാര്‍ത്തികിനെയാണ് കളമശേരി പൊലീസ് ഇടപ്പള്ളിയിലെ മാളില്‍ നിന്ന് പിടികൂടിയത്. ബെംഗളൂരില്‍ കൊടുങ്ങോടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിപിന്‍ പിടിയിലായത്.  

മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിപിന്‍ കാര്‍ത്തിക്കിനെതിരെ മലയാളി യുവതിയാണ് കൊടുങ്ങോടി പൊലീസില്‍ പരാതി നല്‍കിയത്. ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് യുവതിയുമായി സൗഹൃദത്തിലായ വിപിന്‍ വിവാഹവാഗ്ദാനം നല്‍കി. ഇതിനിടെ യുവതിയുടെ വാഹനങ്ങളും പണവും ഇയാള്‍ സ്വന്തമാക്കി. ഒടുവില്‍ തനിക്ക് കാന്‍സറാണെന്ന് യുവതിയെ പറഞ്ഞുവിശ്വസിച്ച് ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. 

സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഒരു ഡസനിലേറെ തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് കാര്‍ത്തിക് വേണുഗോപാലെന്ന വിപിന്‍ കാര്‍ത്തിക്. നിരവധി പെണ്‍കുട്ടികള്‍  വിപിന്‍റെ തട്ടിപ്പിനിരയായി. ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതികളുമായി വിപിന്‍ സൗഹൃദത്തിലാകും. പിന്നീട് പ്രണയം നടിക്കും. ഒടുവില്‍ വിവാഹവാഗ്ദാനം.  ഈ സമയംകൊണ്ട് വിവിധ കാരണങ്ങള്‍ പറഞ്ഞ് യുവതികളില്‍ നിന്ന് പണവും വാഹനങ്ങളും കൈക്കലാക്കും. പിന്നീട് ഒരു സുപ്രഭാതത്തില്‍ മുങ്ങും. 

കേരളത്തിലാണ് ഒരു തട്ടിപ്പെങ്കില്‍ അടുത്തത് വേറെ സംസ്ഥാനത്ത്. ബെംഗളൂരുവില്‍ നിന്ന് മുങ്ങിയ പ്രതി കൊച്ചിയില്‍ പുതിയ ഇരയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.വിപിന്‍റെ ഫോണും, ലാപ്ടോപ്പും, പണവും പൊലീസ് പിടിച്ചെടുത്തു. പുതുനഗരം,ചിറ്റൂർ ,ഗുരുവായൂർ, നാദാപുരം,വടകര ,തലശ്ശേരി, തൃക്കാക്കര, പാലാരിവട്ടം സ്റ്റേഷനുകളില്‍ പ്രതിക്കെതിരെ കേസുകളുണ്ട്. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും വിപിന്‍ പ്രതിയാണ്. വിപിനെ ബെംഗളൂരു പൊലീസിന് കൈമാറി.  

ENGLISH SUMMARY:

A man who posed as an IPS officer and deceived a woman with a false marriage promise, swindling her money and vehicle, was arrested in Kochi. Vipin Karthik, a native of Malappuram, was caught by Kalamassery Police from a mall in Edappally. The arrest was made based on a case registered at the Kodungodi Police Station in Bengaluru.