കായംകുളത്ത് പാലത്തിൽ ഗതാഗതം തടഞ്ഞ് രാത്രിയിൽ ഗുണ്ടയുടെ പിറന്നാളാഘോഷം. ആഘോഷത്തിനെത്തിയ ഗുണ്ടകളെ കൂട്ടത്തോടെ പൊലീസ് പൊക്കി. കുപ്രസിദ്ധ ഗുണ്ട വിഠോബ ഫൈസൽ ആണ് പിറന്നാൾ ആഘോഷം സംഘടിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ കായംകുളം പുതുപ്പള്ളി കൂട്ടംവാതുക്കൽ പാലത്തിൽ ഗുണ്ടകൾ ഒത്തു ചേർന്നത്. കുപ്രസിദ്ധ ഗുണ്ടയായ പത്തിയൂർ സ്വദേശി വിഠോബ ഫൈസൽ ആണ് തന്‍റെ പിറന്നാൾ ഗുണ്ടകൾക്കൊപ്പം ആഘോഷമാക്കാൻ തീരുമാനിച്ചത്. പാലത്തിൽ വാഹനങ്ങളിട്ട് ഗതാഗതം തടസപെടുത്തി പരസ്യമായി മദ്യപിച്ച് പിറന്നാൾ ആഘോഷം നടത്തുമ്പോൾ ആണ് പൊലീസ് പൊക്കിയത്.
ആഘോഷത്തിനെത്തിയവരിൽ യുവാവിനെ കാർ കയറ്റി കൊന്ന കേസിൽ പ്രതിയായ പുട്ട് അജ്മലും ഉണ്ടായിരുന്നു. കാപ്പാ കേസിൽ നടപടി നേരിടുന്ന ഗുണ്ടയായ എരുവസ്വദേശി ആഷിക് , സഹോദരൻ ആദിൽ എന്നിവരും പിടിയിലായി. വധശ്രമം,ലഹരി വിൽപന, ഗുണ്ടാ ആക്രമണം തുടങ്ങി വിവിധ കേസുകളിൽ പ്രതികളായ മുനീർ , സഹോദരൻ മുജീബ്, ഗോപൻ, ഉണ്ണിരാജ്, ആദിൽ, പ്രവീൺ, അനന്തകൃഷ്ണൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. കായംകുളം ഡിവൈ എസ്പി ബാബുക്കുട്ടൻ,സിന അരുൺ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിറന്നാൾ ആഘോഷിക്കാനെത്തിയ ഗുണ്ടകളെ പിടികൂടിയത്.