ആലപ്പുഴ തകഴിയിൽ വീട്ടുകാർ വിവാഹച്ചടങ്ങിന് പോയപ്പോൾ പതിമൂന്നരപ്പവൻ സ്വർണം മോഷ്ടിച്ച മുൻ അയൽക്കാരൻ അറസ്റ്റിൽ. അമ്പലപ്പുഴ പുറക്കാട് ഇല്ലിച്ചിറ സുകേശനെയാണ് അമ്പലപ്പുഴ ഡിവൈഎസ്പി: കെ.എന്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഫെബ്രുവരി 23 ന് തകഴി കുന്നുമ്മ സ്വദേശി തോമസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.
തോമസും കുടുംബവും ബന്ധുവിന്റെ വിവാഹച്ചടങ്ങിന് പോയ സമയത്തായിരുന്നു മോഷണം. തിരികെയെത്തിയപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. ഒറ്റപ്പെട്ട പ്രദേശത്ത് പുറത്തു നിന്നൊരാൾ മോഷണം നടത്താ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു പോലീസ്.നിരവധി പേരെ പേരെ ചോദ്യം ചെയ്യുകയും 50 ഓളം പേരുടെ വിരലടയാളം ശേഖരിക്കുകയും ചെയ്തു. മോഷണം നടന്ന വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളവും സുകേശന്റെ വിരലടയാളവും ഒന്നാണെന്ന് കണ്ടെത്തിയതോടെ മോഷ്ടാവ് വലയിലായി
നേരത്തെ തോമസിന്റെ അയൽവാസിയായിരുന്നു സുകേശൻ. മാഷ്ടിച്ച സ്വർണാഭരണങ്ങൾ അമ്പലപ്പുഴയിലെ ജ്വല്ലറിയിലും പുറക്കാട്ടെ ധനകാര്യ സ്ഥാപനത്തിലും വിറ്റു. മോഷ്ടിച്ച മാലയിലുണ്ടായിരുന്ന മിന്ന് സുകേശൻ പുറക്കാട് പള്ളിയിലെ ഭണ്ഡാരത്തിൽ നിക്ഷേപിച്ചു. ഭണ്ഡാരം തുറന്നപ്പോൾ ഇത് ലഭിച്ചതായി ഡിവൈഎസ്പി പറഞ്ഞു. സിഐ: എം. പ്രതീഷ് കുമാർ , എസ്ഐ അനീഷ്. കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.