കൊച്ചി കളമശേരി പോളി ടെക്നിക്കിന്റെ ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസില്‍ പിടിയിലായ എസ്എഫ്ഐ നേതാവടക്കം രണ്ടുപേര്‍ക്ക് ജാമ്യം. ഹരിപ്പാട് സ്വദേശി ആദിത്യന്, എസ്എഫ്ഐ കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി ആര്.അഭിരാജ് എന്നിവര്‍ക്കാണ് ജാമ്യം. തന്നെ കഞ്ചാവുകേസില്‍ കുടുക്കിയതാണെന്ന് ആര്.അഭിരാജ് പറഞ്ഞു. പുറമെനിന്ന് ക്യാംപിലെത്തിയ ചിലര്‍ മുറിയില്‍ ഒളിപ്പിച്ച് വച്ചതാവാനാണ് സാധ്യതയെന്നും അഭിരാജ് പറഞ്ഞു. ഇതിനിടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് ഉപരോധിച്ചു.
കോളജ് ഹോസ്റ്റലിലെ മുറിയിലെ അലമാരയില്‍നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മദ്യക്കുപ്പികളും കണ്ടെടുത്തു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ലഭിച്ചതിന് പിന്നാലെ റെയ്ഡ്. കളമശേരി എസിപിയുടെ നേതൃത്വത്തില്‍ പൊലീസും ഡാന്‍സാഫ് സംഘവും ഇന്നലെ രാത്രി 9.30 ഓടെ ഹോസ്റ്റലിലെത്തി. 10.30 ഓടെ പരിശോധന ആരംഭിച്ചു. പുലര്‍ച്ചെ മൂന്ന് മണിവരെ നീണ്ട പരിശോധനയില്‍ പെരിയാര്‍ ഹോസ്റ്റലിന്റെ രണ്ട് മുറികളില്‍ നിന്ന് രണ്ട് പാക്കറ്റിലായി കണ്ടെടുത്തത്.
ഇതിനൊപ്പം അളന്ന് തൂക്കുന്ന ത്രാസ്, മദ്യ കുപ്പികള്‍, സിഗരറ്റ് എന്നിവയാണ് വിദ്യാര്‍ഥികളുടെ മേശയില്‍ നിന്നും അലമാരയില്‍ നിന്നുമായി പൊലീസിന് ലഭിച്ചത്. ഹോളി അഘോഷത്തിനായി എത്തിയ കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. കഞ്ചാവ് ആവശ്യമുള്ളവരില്‍നിന്ന് വ്യാപകമായി പണം പിരിച്ചു. ഈ പണം ഉപയോഗിച്ചാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയത്. ഇവ ചെറിയ പൊതികളാക്കി വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഹോസ്റ്റലില്‍ പൊലീസ് എത്തിയ സമയം ചില രാഷ്ട്രീയ നേതാക്കള്‍ പരിശോധനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.