കളമശ്ശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിലേക്ക് കഞ്ചാവ് വിതരണം ചെയ്ത രണ്ട് പൂർവ വിദ്യാർത്ഥികൾ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതി ആകാശിന് കഞ്ചാവ് നൽകിയ ആഷിക്, ഷാലിക് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിൻ്റെ കഞ്ചാവ് വേട്ടയിൽ നിർണായകമായ കോളേജ് പ്രിൻസിപ്പലിന്റെ കത്ത് മനോരമ ന്യൂസ് പുറത്തുവിട്ടു.
ഹോസ്റ്റലിലെ റെയ്ഡിനിടെ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായ ആകാശിൻ്റെ മൊഴിയിൽ നിന്നാണ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ ആഷിഖിലേക്കും ഷാലിഖിലേക്കും പൊലീസ് എത്തുന്നത്. വ്യാഴാഴ്ച രാത്രി 7 മണിയോടെ ഹോസ്റ്റലിൽ എത്തിയാണ് ആഷിക് ആകാശിന് കഞ്ചാവ് കൈമാറിയത്. ലഹരി കച്ചവടത്തിന്റെ പശ്ചാത്തലമുള്ള ആഷിക്കിനെയും ഷാലിക്കിനെയും പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര എസിപി പി വി ബേബിയുടെ നേതൃത്വത്തിൽ ഇന്ന് നാലുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതികളുടെ അറസ്റ്റും രേഖപ്പെടുത്തി. വിദ്യാർത്ഥികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോളേജിൽ കഞ്ചാവ് വിറ്റത് എന്നാണ് പ്രതികളുടെ മൊഴി. ഇതിനുമുമ്പും ഇവർ ഇതേ കോളേജിൽ ലഹരിവസ്തുക്കൾ വിറ്റിട്ടുണ്ട്.
ഹോളി ആഘോഷത്തിന്റെ മറവിൽ കോളേജിൽ ലഹരി വിൽപ്പന നടക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപിക്ക് പ്രിൻസിപ്പൽ കത്ത് നൽകിയത് പന്ത്രണ്ടാം തീയതി. ലഹരിക്കായി പണപ്പിരിവ് നടന്നതായും കത്തിൽ വ്യക്തമാക്കുന്നു. ഇതിന് മുമ്പ് തന്നെ കോളജിലെ ലഹരിമരുന്ന് ഇടപാടുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു.
500 രൂപയുടെ കഞ്ചാവ് മുൻകൂറായി പണമടച്ചാൽ 300 രൂപയ്ക്ക് ലഭിക്കുന്ന ഓഫറും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നതായി പ്രതികൾ സമ്മതിച്ചു. കൂടുതൽ പേർ ആഷിക്കിനും ഷാലിക്കിനും പിന്നിൽ ഉണ്ടെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഒന്നാം പ്രതി ആകാശിൻ്റെ മുറിയിൽ ഉണ്ടായിരുന്ന അനന്തുവിൻ്റെയും ആദലിൻ്റെയും പങ്കിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്.