കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവ് നൽകിയ ഇതര സംസ്ഥാനക്കാരനായി അന്വേഷണം ഊർജിതം. ഹോസ്റ്റലിലെ പൊലീസ് റെയ്ഡിന് പിന്നാലെ ഇയാൾ ഒളിവിൽപോയി എന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇതരസംസ്ഥാനക്കാരനിൽനിന്ന് കഞ്ചാവ് വാങ്ങിയെന്നായിരുന്നു നേരത്തെ പിടിയിലായ ആഷിക്കിന്റെയും ഷാലിക്കിന്റെയും മൊഴി.
വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതിനായി റിമാൻഡിൽ കഴിയുന്ന ആകാശ്, ആഷിക്ക്, ഷാലിക്ക് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഇതിന് മുന്നോടിയായി ഇവരുടെ സാമ്പത്തികയിടപാടുകൾ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചു.
കിലോയ്ക്ക് പതിനായിരം രൂപയെന്ന കണക്കില്‍ നല്‍കിയാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. നാലുകിലോയിലേറെ കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചുവെന്നും കാണാതായ കഞ്ചാവിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഹോളി ആഘോഷത്തിനായി വന്‍തോതില്‍ ലഹരിവസ്തുക്കള്‍ ഹോസ്റ്റലിലേക്ക് എത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയതും വന്‍തോതില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും പിടിച്ചെടുത്തതും. ലഹരി ക്യാംപസിലേക്ക് എത്തിക്കുന്നതില്‍ രാഷ്ട്രീയ വ്യത്യാസമുണ്ടായിരുന്നില്ലെന്നും എല്ലാവരുടെയും അറിവുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.