ഉത്സവ ഘോഷയാത്ര കഴിഞ്ഞു മടങ്ങുന്നതിനിടയിൽ യുവാവിന് പൊലീസിന്‍റെ ക്രൂരമായ ലാത്തിയടി. മുരുക്കുംപുഴ സ്വദേശി ഷിബുവിനെയാണ് മംഗലപുരം എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ശനിയാഴ്ച നടന്ന മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
മക്കളുടെയും ഭാര്യയുടെയും മുന്നിൽ വച്ചാണ് ഷിബുവിനെ പൊലീസ് ക്രൂരമായി മർദിച്ചത്. ഷിബുവിന്‍റെ ദേഹാമാസകലം അടികൊണ്ട പാടുകളാണ്. രാത്രി 11 മണിയോടെ മുരുക്കുംപുഴ ഇരട്ടക്കുളങ്ങര ക്ഷേത്രത്തിലെ ഘോഷയാത്ര കഴിഞ്ഞാണ് സംഭവം. കുട്ടികൾക്ക് കരിമ്പ് വാങ്ങാൻ പോയപ്പോൾ ആയിരുന്നു പൊലീസുകാർ വളഞ്ഞിട്ട് അടിച്ചത്.
ഒരു പെറ്റി കേസിൽ പോലും പ്രതിയല്ലാത്ത തന്നെ എന്തിനാണ് മർദിച്ചതെന്ന് ഷിബുവിന് അറിയില്ല. ഗുരുതരമായി പരുക്കേറ്റ ഷിബുവിനെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഷിബുവിന് ഇപ്പോൾ മറ്റൊരാളുടെ സഹായമില്ലാതെ എഴുന്നേറ്റ് നടക്കാൻ പറ്റാത്ത അവസ്ഥയാണ്.
യാതൊരു പ്രകോപനവുമില്ലാതെ ലാത്തി കൊണ്ടുള്ള അടിയേറ്റപ്പോൾ എന്തിനാണ് അടിച്ചതെന്ന് ചോദിച്ചതേ ഷിബുവിന് ഓർമയുള്ളു. പിന്നെ എസ്ഐ അടക്കമുള്ള പൊലീസുകാർ വീണ്ടും തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. എന്നാൽ ഉത്സവ സ്ഥലത്ത് ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കിയതോടെ അവരെ പിരിച്ചു വിടാനാണ് ലാത്തി പ്രയോഗിച്ചത് എന്നാണ് പൊലീസ് പറയുന്നത്. അകാരണമായി തന്നെ മർദിച്ച ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പൊലീസ് മേധാവിക്ക് ഷിബു പരാതി നൽകി.