കണ്ണൂരിൽ ലഹരിയെക്കുറിച്ച് പൊലീസിന് ഒറ്റിക്കൊടുത്തുവെന്ന് ആരോപിച്ച് യുവാവിനെ സുഹൃത്തുക്കൾ ക്രൂരമായി മർദ്ദിച്ചു. എടക്കാട് കുറ്റിക്കകം സ്വദേശി വി.പി.റിസലിനെയാണ് ഏഴംഗ സംഘം മർദ്ദിച്ചത്. സുഹൃത്തുക്കൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. നാലുപേരെ അറസ്റ്റ് ചെയ്തു.
റിസലിൻ്റെ സുഹൃത്തുക്കളായ ജെറിസ്, ഫറാസ്, ഇസ്ഹാഖ്, ഷബീബ് എന്നിവരെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിലെ ഒന്നാം പ്രതി ഫഹദിനെ 100 ഗ്രാം കഞ്ചാവുമായി നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇതിലെ ഒറ്റുകാരൻ റിസലാണെന്ന് സംശയിച്ചായിരുന്നു മർദ്ദനം. വീടിനടുത്ത് എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് എന്ന് തെറ്റിദ്ധരിച്ചാണ് റിസലാണ് ഒറ്റിക്കൊടുത്തതെന്ന് പ്രതികൾ ഉറപ്പിച്ചത്.
കൊല്ലുമെന്ന് ആക്രോശിച്ചെത്തിയ പ്രതികൾ വടിയും സിമന്റ് കട്ടയും കൊണ്ട് തലയ്ക്കടിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തിന് ശേഷം യുവാവ് എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന റിസൽ അപകടനില തരണം ചെയ്തിട്ടുണ്ട്. കേസിലെ മറ്റു പ്രതികളായ ഫഹദ്, അഫ്രീദ്, നിഹാദ് എന്നിവർക്കായി അന്വേഷണം പുരോഗമിക്കുകയാണ്.