kollam

TOPICS COVERED

കൊച്ചിയില്‍ എംഡിഎംഎയും കഞ്ചാവുമായി പിടിയിലായ കൊല്ലം സ്വദേശിയുടെ ലഹരിവില്‍പന ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ. രാത്രിയില്‍ ലഹരിമരുന്ന് വിതരണത്തിനിറങ്ങിയ യുവാവ് പിടിയിലായത് ഡാന്‍സാഫ് സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്. ലക്ഷങ്ങള്‍ വിലയുള്ള എംഡിഎംഎയും ഒരു കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്.  

പുനലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ഇടപ്പള്ളി നോര്‍ത്ത് ബ്രഹ്മസ്ഥാനം ഭാഗത്ത് നിന്നാണ് പൊലീസിന്‍റെ പിടിയിലായത്. സ്ഥലത്ത് ബൈക്കില്‍ പുറത്ത് ഒരു ബാഗുമായി കാത്തുനില്‍ക്കുകയായിരുന്നു യുവാവ്. ഡാന്‍സാഫ് സംഘത്തിന്‍റെ വാഹനം എത്തിയതോടെ കൃഷ്ണകുമാര്‍ പരുങ്ങി. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ല. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ കൃഷ്ണകുമാറിനെ വിശദമായി പരിശോധിച്ചു. കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലായിരുന്നു ലഹരിമരുന്ന് ശേഖരം. പുറകിലെ അറയില്‍ കണ്ടെത്തിയത് 120 ഗ്രാം എംഡിഎംഎ. അടുത്ത അറയില്‍ ഒരു കിലോ കഞ്ചാവ്. ആവശ്യകാര്‍ക്ക് കൈമാറാനായി കാത്തുനില്‍ക്കുന്നതിനിടെയാണ് ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായത്. 

വര്‍ഷങ്ങളായി കൊച്ചിയില്‍ ടാക്സി ഡ്രൈവറായ കൃഷ്ണകുമാര്‍ ലഹരികച്ചവടം തുടങ്ങിയത് രണ്ട് വര്‍ഷം മുന്‍പെന്നാണ് മൊഴി നല്‍കിയത്. ബാംഗ്ലൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നും കണ്ടാലറിയാവുന്ന ഇതരസംസ്ഥാനക്കാരാണ് കഞ്ചാവ് കൈമാറിയതെന്നാണ് മൊഴി. കൃഷ്ണകുമാറിന്റെ ബാഗിൽ നിന്ന് ലഹരിമരുന്ന് അളന്ന് നൽകാനുള്ള ത്രാസും കണ്ടെടുത്തു. കൃഷ്ണകുമാറിനെ പിടികൂടിയ ഇതേ ഡാൻസാഫ് സംഘമാണ് കഴിഞ്ഞ ദിവസം ഒഡിഷയിൽ നിന്ന് കഞ്ചാവ് കടത്തിയ നാലുപേരെ പിടികൂടിയത്.

ENGLISH SUMMARY:

A Kollam native working as a taxi driver was caught in Kochi with MDMA and cannabis while distributing drugs at night. The arrest was made following surveillance by the Dansaf team, seizing MDMA worth lakhs and one kilogram of cannabis.