കൊല്ലം ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം പ്രതി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകശേഷം പ്രതി ചവറ സ്വദേശി തേജസ് രാജ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. തേജസ് പൊലീസുകാരന്‍റെ മകനാണെന്നാണ് വിവരം. ഫെബിന്‍റെ കുടുംബവുമായി പരിചയമുള്ള തേജസ് രാജ് എന്തിനാണ് ഈ കൊലപാതകം നടത്തിയതെന്ന് വ്യക്തമല്ല.
ഫെബിനെയും കുടുംബത്തെയും കുറിച്ച് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണെന്ന് നാട്ടുകാര്‍ പറയുന്നു. വൈകിട്ട് ഏഴുമണിയോടെയായിരുന്നു കൊലപാതകം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ, ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. കാറിലെത്തിയ തേജസ്, പർദ ധരിച്ചിരുന്നു. ഫെബിന്‍ ഇടയ്ക്ക് ഫുഡ് ഡെലിവറി ജോലി ചെയ്തിരുന്നതായും സമീപവാസികള്‍ പറയുന്നു.
തേജസിന്റെ മൃതദേഹം കൊല്ലം കടപ്പാക്കടയ്ക്കു സമീപം റെയിൽവേ ട്രാക്കിലാണ് കണ്ടെത്തിയത്. പാളത്തിനു സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.