കൊല്ലം കുണ്ടറയിൽ മദ്യപാനത്തിനിടെ യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ച അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പാ കേസ് പ്രതിയായ യുവാവാണ് ബീയർ കുപ്പി കൊണ്ടു ആക്രമിച്ചത്. കേരളപുരം മതിനൂർ ലക്ഷംവീട് സ്വദേശി ബിജുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതികളായ അച്ഛനും മകനും പിടിയിലായത്. വെള്ളിമൺ ഇടവട്ടം ഷൈനി കോട്ടേജിൽ എബിൻ ജോസ്, പിതാവ് സന്തോഷ് എന്നിവരാണു പിടിയിലായത്. ശനി വൈകിട്ട് ആറരയ്ക്കാണ് കേസിനാസ്പദമായത് നടന്നത്.
എബിൻ ജോസ് കാപ്പ കേസിൽ നാടുകടത്തിയ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പൊലീസിന്റെ വിലക്ക് ലംഘിച്ച് നാട്ടിലേക്ക് എത്തിയ എബിൻ ഉച്ചയോടെ ഒറ്റയ്ക്ക് താമസിക്കുന്ന ബിജുവിന്റെ വീട്ടിലെത്തി. മൂവരും ചേർന്ന് മദ്യപിച്ചു. വൈകിട്ട് അഞ്ച് മണിയോടെ വീണ്ടും മദ്യം വാങ്ങാൻ സന്തോഷിനെ പറഞ്ഞു വിട്ടു. മദ്യം കുറഞ്ഞുപോയെന്നാരോപിച്ചു ബിജു സന്തോഷിനെ ഒഴിവാക്കി.
ഇത് എബിൻ ജോസിനെ ചൊടിപ്പിച്ചു. പ്രകോപിതനായ എബിൻ ബിയർകുപ്പി പൊട്ടിച്ചു ബിജുവിനെ കുത്തുകയായിരുന്നു. വയറ്റിലും കഴുത്തിലുമായി ആറോളം കുത്തുകളേറ്റ ബിജുവിനെ ജില്ലാ ആശുപ്രതിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ബിജു അപകടനില തരണം ചെയ്തതായി കുണ്ടറ പൊലീസ് പറഞ്ഞു.