കഫേ പൂട്ടിയതോടെ കടം വീട്ടാനും ആർഭാട ജീവിതം നയിക്കാനും ലഹരി കച്ചവടം തുടങ്ങിയ യുവാവ് കൊച്ചിയിൽ പിടിയിലായി. പാലക്കാട് വാഴയാമ്പുറം സ്വദേശി മുഹമ്മദ് ഷെബീബിനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച ഒരു ഗ്രാം എംഡിഎംഎയും പിടികൂടി.
കലൂരിലുള്ള കോഫി ഷോപ്പിലെ ജീവനക്കാരനാണ് പിടിയിലായ മുഹമ്മദ് ഷെബീബ്. രണ്ട് വർഷം മുൻപാണ് യുവാവ് കൊച്ചിയിലെത്തിയത്. ഇടപ്പള്ളിയിൽ സുഹൃത്തിനോടൊപ്പം കോഫി ഷോപ്പ് ആരംഭിച്ചു. എന്നാൽ മാസങ്ങൾക്കുള്ളിൽ കട പൂട്ടി. ലക്ഷങ്ങളുടെ ബാധ്യതയായതോടെയാണ് ലഹരി കച്ചവടം തുടങ്ങിയതെന്നാണ് മുഹമ്മദ് ഷെബീബിന്റെ മൊഴി.
ബെംഗളൂരുവിൽ നേരിട്ട് പോയി എംഡിഎംഎ വാങ്ങിയ ശേഷം അത് വാടക വീട്ടിൽ സൂക്ഷിച്ച് ആവശ്യക്കാർക്ക് ചെറിയ പൊതികളാക്കി വിൽക്കുകയാണ് രീതി. പതിനഞ്ച് ദിവസം മുൻപ് വാങ്ങിയ പത്ത് ഗ്രാം എംഡിഎംഎയിൽ മിച്ചമുള്ള ഒരു ഗ്രാമാണ് മുഹമ്മദ് ഷെബീബിന്റെ കൈവശമുണ്ടായിരുന്നത്. സിഗരറ്റ് പാക്കറ്റിനുള്ളിൽ നാല് പൊതികളിലായിട്ടായിരുന്നു ഒരു ഗ്രാം എംഡിഎംഎ. ലഹരി കച്ചവടം നടത്തി കടം വീട്ടിയ ശേഷം കൊച്ചിയിൽ കോഫി ഷോപ്പ് തുടങ്ങുകയായിരുന്നു പദ്ധതി.
പൊലീസ് പിടിയിലായതിന് പിന്നാലെ മുഹമ്മദ് ഷെബീബിന്റെ ഫോണിലേക്ക് നിരവധി കോളുകളും സന്ദേശങ്ങളുമാണ് ലഭിച്ചത്. എല്ലാം ലഹരിമരുന്ന് ആവശ്യപ്പെട്ട്. വിദ്യാർത്ഥികളടക്കം ഇക്കൂട്ടത്തിലുണ്ട്. കൊച്ചിയിലെ മറ്റ് ഇടപാടുകാരിൽ നിന്ന് ലഹരിമരുന്ന് വാങ്ങിയും ഷെബീബ് വിൽപ്പന നടത്തുന്നുണ്ടെന്ന് സംശയവും പൊലീസിനുണ്ട്. നൂറുകണക്കിന് ആളുകളുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇയാളുടെ ഫോണിൽ നിന്ന് ലഭിച്ചു. മുളവുകാട് എസ്എച്ച്ഒ വി.എസ്. ശ്യാംകുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐ തോമസ് പള്ളനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.