പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഏറെ നേരം പണിപ്പെട്ട് കീഴ്പ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. അടിമലത്തുറ സ്വദേശി തുമ്പൻ റോയി എന്ന റോയിയെയാണ് (28) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
സ്ത്രീകൾ താമസിക്കുന്ന വീട്ടിലേക്ക് കല്ലെറിയുന്നുവെന്ന പരാതിയെ തുടർന്നാണ് ഗ്രേഡ് എസ്ഐ സുജിത് ചന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തിയത്. പ്രതിയെ പിടികൂടി ജീപ്പിൽ സ്റ്റേഷനിലേക്ക് വരുമ്പോൾ, ചൊവ്വര വച്ച് ഇയാൾ പ്രകോപിതനായി.
ആദ്യം ജീപ്പിന്റെ പിൻഭാഗം ചവിട്ടിത്തുറന്നു, പിന്നീട് ജീപ്പിന്റെ പിൻഭാഗത്തെ സീറ്റു വലിച്ചുകീറി, ഒടുവിൽ ഡോറിന്റെ ഭാഗങ്ങൾ നശിപ്പിച്ചു. ശേഷം പ്രതിയെ അകത്തേക്ക് മാറ്റിയിരുത്താനായി വാഹനം നിറുത്താൻ ശ്രമിക്കവേ വാതിൽ തുറന്ന് ഓടി ഇറങ്ങിയോടി. പിന്നാലെയെത്തി പിടികൂടിയ എസ്.ഐയെയും സി.പി.ഒയെയും മർദ്ദിച്ചു. ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റുപയോഗിച്ച് എസ്.ഐയെ അടിച്ചു. എസ്.ഐയുടെ വലതു കൈത്തണ്ടയ്ക്കാണ് പരുക്കേറ്റത്.
വീട്കയറി ക്രമണം, സ്ത്രീയെ അസഭ്യം പറയൽ തുടങ്ങിയവയ്ക്കും പൊലീസിനെ ആക്രമിച്ച പരാതിയിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അക്രമാസക്തനായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.