TOPICS COVERED

രാജ്യത്തെ ലഹരി തലസ്ഥാനമായി കേരളം.  ലഹരി മരുന്ന് വിരുദ്ധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍  കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം ഒന്നാമതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലം.  27,701 കേസുകളുമായി പഞ്ചാബിനും മുകളിലാണ് കേരളം. ഇതില്‍  ശിക്ഷാ വിധി ഉണ്ടായതോ കയ്യിലെണ്ണാവുന്ന കേസുകളില്‍ മാത്രം. 

രാജ്യത്തെ ലഹരി മരുന്ന് വിരുദ്ധ നിയമ പ്രാരമുള്ള കേസുകൾ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലം  രാജ്യസഭയെ അറിയിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്താകെ 89,913 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കേരളത്തില്‍ മാത്രം 27,701 കേസുകൾ .  ലഹരി കേന്ദ്രമെന്ന വിമര്‍ശനമുള്ള പഞ്ചാബില്‍ രജിസ്റ്റര്‍ ചെയ്തതത്  9,025എണ്ണം.  കേരളത്തില്‍ ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും 2 എണ്ണത്തില്‍ മാത്രമാണ് ശിക്ഷാ വിധി ഉണ്ടായത് എന്നത് ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളിലെ പൊള്ളത്തരം വ്യക്തമാക്കുന്നു.  കേരളത്തില്‍ 2023ല്‍ 30,715 ഉം 2022ല്‍ 26,918ഉം കേസുകളെടുത്തപ്പോള്‍ ഒന്നില്‍ പോലും ശിക്ഷാ വിധി ഉണ്ടായിട്ടില്ല. ദേശീയ തലത്തില്‍ ലഹരി മരുന്ന് കള്ളക്കടത്ത് തടയാന്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. കേന്ദ്ര സംസ്ഥാന സഹകരണത്തോടെ നാല് തലങ്ങളിലായി നാര്‍ക്കോ കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥൻ  തലവനായ ലഹരിമരുന്ന് വിരുദ്ധ ടാസ്ക് ഫോഴ്സ്  എല്ലാ സംസ്ഥാനത്തും ഉണ്ട്. ശക്തമായ നിരീക്ഷണത്തിന് മള്‍ട്ടി ഏജന്‍സി സെന്ററും ഉണ്ട്.  രണ്‍ദീപ് സുര്‍ജെവാലക്ക് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയിൽ നല്‍കിയ മറുപടിയിലാണ് പുതിയ വിവരങ്ങൾ.

ENGLISH SUMMARY:

Kerala has been ranked first in the country for drug-related cases registered under the Narcotic Drugs and Psychotropic Substances (NDPS) Act for the past three years, according to the Union Home Ministry. With 27,701 cases, Kerala surpasses Punjab. However, the conviction rate remains alarmingly low.