ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തിൽ മലയാളി മരിച്ചത് കൊലപാതമെന്ന് സ്ഥിരീകരണം. തൊടുപുഴ സ്വദേശി ലിബിന്‍ ബേബിയുടെ മരണം കൂടെ താമസിച്ചിരുന്നയാളുടെ ആക്രമണത്തിലാണെന്ന് കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി എബിന്‍ ബേബി അറസ്റ്റിലായി.
എട്ടാം തിയ്യതിയാണു ലിബിനെ കുളിമുറിയില്‍ വീണു പരുക്കേറ്റന്നു പറഞ്ഞു സുഹൃത്തുക്കള്‍ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയ്ക്ക് പിറകില്‍ സാരമായ പരുക്കേറ്റ ലിബിന്‍ ആശുപത്രിയിലെത്തി വൈകാത കോമയിലായി. ബുധനാഴ്ച മരിച്ചു. കുളിമുറിയില്‍ തലയടിച്ചു വീണാലുണ്ടാവുന്ന തരത്തിലുള്ള പരുക്കല്ല ലിബിനുണ്ടായതെന്നു കണ്ടെത്തിയ ഡോക്ടറാണു പൊലീസിനു വിവരം കൈമാറിയത്. കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി എബിന്‍ ബേബി ലിബിന്റെ മര്‍ദ്ദിച്ചിരുന്നുവെന്നു സുഹൃത്തുക്കള്‍ മൊഴി നല്‍കിയതു നിര്‍ണായകമായി. തുടര്‍ന്ന് ബെംഗളുരു ബെനാര്‍കട്ട പൊലീസ് കാഞ്ഞിരപ്പള്ളിയിലെത്തി എബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു
അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ലിബിന്റെ അമ്മയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.