പ്രതീകാത്മക ചിത്രം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ വെടിവച്ച് പിടികൂടി ഉത്തര്‍പ്രദേശ് പൊലീസ്. വിഭൂതിഖന്തില്‍ ശനിയാഴ്ചയാണ് സംഭവം. ലക്നൗ സ്വദേശി മുഹമ്മദ് സര്‍ജുവാണ് പൊലീസ് പിടിയിലായത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സര്‍ജുവിന്‍റെ കാലില്‍ വെടിവച്ച് പൊലീസ് ഇയാളെ വലയിലാക്കി.
ലക്നൗവിലെ റെയില്‍വേ ക്രോസിങ്ങിനു സമീപം താമസിക്കുന്ന ഏഴുവയസുകാരിയെ പ്രതി ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എ.സി.പി രാധാരാമന്‍ സിങ് പറഞ്ഞത്. സ്വകാര്യഭാഗത്ത് ചോരയൊഴിക്കുന്ന നിലയിലാണ് പെണ്‍കുട്ടി വീട്ടിലെത്തിയത്. ഇത് കണ്ട മാതാപിതാക്കള്‍ കുട്ടിയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലേക്ക് ഉടന്‍ തന്നെ മാറ്റി. നിലവില്‍ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നും എ.സി.പി വ്യക്തമാക്കി.
ഇതിനിടെ പ്രതി നാടുവിടാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ ഹനുമാന്‍ റെയില്‍വേ ക്രോസിങ്ങിനു സമീപത്തുവച്ച് പ്രതി പൊലീസിനു മുന്നിലകപ്പെട്ടു. പൊലീസിനു നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ സര്‍ജുവിന്‍റെ കാലിലേക്ക് പൊലീസ് നിറയൊഴിച്ചു.
നിലവില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രതി ചികിത്സയിലാണെന്ന് ഡി.സി.പി ശശാങ്ക് സിങ് വ്യക്തമാക്കി. ഏഴുവയസ്സുകാരിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിപ്രകാരം സര്‍ജുവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് അറിയിച്ചു.