Relatives protest over the alleged rape of a seven-year-old girl at a village, in Hathras district, Monday, March 17, 2025. PTI Photo
ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ഏഴു വയസുകാരിക്ക് പീഡനം. മാര്‍ക്കറ്റിലെ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ച പത്തൊന്‍പതുകാരന്‍ അമന്‍ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് സംഭവം. രണ്ട് വര്‍ഷം മുന്‍പ് പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കഴിഞ്ഞ വര്‍ഷമാണ് ജുവനൈല്‍ ഹോമില്‍ നിന്നും പുറത്തിറങ്ങിയത്.
പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഹാത്രസ് എസ്പി ചിരഞ്ജീവ് നാഥ് ഷാ പറഞ്ഞു. ഞായറാഴ്ച രാവിലെ അലിഗഡിലെ ആശുപത്രിയിലേക്ക് മാറ്റി.
വാര്‍ത്തയറിഞ്ഞ് പ്രകോപിതരായ ജനക്കൂട്ടം അക്രമാസക്തരായി. തൊട്ടടുത്ത പളളി ജനക്കൂട്ടം തകര്‍ത്തു. പ്രതിഷേധക്കാര്‍ പള്ളിയിലേക്ക് ഇരച്ചു കയറി. മുറിയില്‍ കയറി ഒളിച്ചതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് പള്ളിയിലെ ഇമാമായ മുഹമ്മദ് സക്കറിയ പറഞ്ഞു. പ്രദേശത്തെ വിദ്യാര്‍ഥികളെ പഠിപ്പിച്ചുകൊണ്ടിരിക്കെ ആള്‍കൂട്ടം പള്ളിക്ക് ഉള്ളിലേക്ക് കയറിയെന്നും ഫർണിച്ചറുകളും മറ്റ് വസ്തുക്കളും കൊള്ളയടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അക്രമത്തിലേക്ക് നീങ്ങിയതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഗ്രാമത്തിലും പള്ളിയുടെ സുരക്ഷയ്ക്കുമായി ആവശ്യത്തിന് പൊലീസിനെ വിന്യസിച്ചതായും എസ്പി പറഞ്ഞു.