കാമുകിയുടേയും സുഹൃത്തുക്കളുടേയും മര്‍ദനത്തേത്തുടര്‍ന്ന് അവശനിലയിലായ യുവാവ് ചികിത്സയില്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനിടെ വാങ്ങിനല്‍കിയ ആഭരണങ്ങളും പണവും തിരിച്ചുനല്‍കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെയാണ് യുവതിയും സുഹൃത്തുക്കളും മര്‍ദിച്ചത്. തല്ലിച്ചതച്ചതിനു പിന്നാലെ ബലമായി വിഷം കുടിപ്പിച്ചെന്നും യുവാവ് ആരോപിക്കുന്നു. സംഭവത്തിനു പിന്നാലെ ഓടിരക്ഷപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
ഹാമിര്‍പുര്‍ സ്വദേശിയും മെഡിക്കല്‍ റപ്രസന്ററ്റീവുമായ ഷൈലേന്ദ്രഗുപ്തയാണ് മര്‍ദനത്തിനിരയായത്. നാലുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് കാലിപഹരിയില്‍വച്ച് ഇരുവരും കണ്ടുമുട്ടുന്നത്. സുഹൃത്തുക്കളായ ഷൈലേന്ദ്രയും യുവതിയും പ്രണയത്തിലാവുകയും തുടര്‍ന്ന് ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കിടെ വിലപിടിപ്പുള്ള ആഭരണങ്ങളും നാലുലക്ഷത്തോളം രൂപയും ഇയാള്‍ യുവതിക്ക് നല്‍കി. പിന്നീട് ഷൈലേന്ദ്രയില്‍ നിന്നും അകന്ന യുവതി മറ്റൊരാളുമായി പ്രണയത്തിലായതായും ഇതാണ് ഷൈലൈന്ദ്രയെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയ ഷൈലേന്ദ്ര പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു. എന്നാല്‍ അതേസമയം വീട്ടിലുണ്ടായിരുന്ന യുവതിയുടെ മൂന്ന് ആണ്‍സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ മര്‍ദിച്ചവശനാക്കി. ഗുരുതരാവസ്ഥയിലായ യുവാവ് ചികിത്സയില്‍ തുടരുകയാണ്. പണവും ആഭരണങ്ങളും ആവശ്യപ്പെട്ടു വന്നാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഷൈലേന്ദ്ര പറയുന്നു.