ഈങ്ങാപ്പുഴയില്‍ ചൊവ്വാഴ്ച വൈകിട്ട് ഭാര്യയെ കുത്തിക്കൊന്ന യാസിര്‍, ഉമ്മയെ കഴുത്തറത്ത് കൊന്ന ആഷിഖിന്‍റെ അടുത്ത സുഹൃത്ത്. ആഷിഖും യാസിറും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നു. ഇവരെല്ലാം വലിയ ലഹരി മരുന്ന് സംഘത്തിന്റെ കണ്ണികളാണെന്നാണ് നാട്ടുകാർ പറയുന്നു. ഒരുമാസം മുന്‍പായിരുന്നു അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ് കഴുത്തറത്ത് കൊന്നത്.
ലഹരി മരുന്നിന് അടിമയായിരുന്നു ആഷിഖ്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടിയുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് എത്തിയ ആഷിഖ് സുബൈദയെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു ആഷിഖ് കൊലപാതകശേഷം നാട്ടുകാരോട് പറഞ്ഞത്.
അതേ സമയം കോഴിക്കോട് ഈങ്ങാപുഴയിലെ ഷിബിലയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. ഷിബിലയെ കൊല്ലുമെന്ന് പല തവണ ഭീഷണി മുഴക്കിയ ശേഷമാണ് യാസിർ ഇന്നലെ കൊലപാതകം നടത്തിയത്. യാസിറിന്‍റെ ആക്രമണം ഭയന്ന് താമരശേരി പൊലീസിൽ ഷിബില പരാതി നൽകിയിട്ടും പൊലീസ് അനങ്ങിയില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്, ലഹരിക്കടിമയായ യാസിറിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഷിബില ഈങ്ങാപ്പുഴയുള്ള സ്വന്തം വീട്ടിലെത്തിയത്.
ഇതിനിടെ കുടുംബ പ്രശ്നം തീർക്കാൻ നാട്ടുകാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. യാസിറും ഷിബിലയും പ്രേമിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുൻപു തന്നെ യാസിർ ലഹരി മരുന്ന് ഉപയോഗിക്കുന്ന വിവരം അറിയാമായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. എന്നാൽ ഇത് വകവയ്ക്കാതെയാണ് യാസറിനെ ഷിബില വിവാഹം ചെയ്തത്. 2020 ൽ വിവാഹിതരായ ശേഷം ഷിബിലയും യാസിറും അടിവാരത്ത് വാടക വീട്ടിലായിരുന്നു താമസം.