മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് അസംകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. യുവാവിന്‍റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ വെളിപ്പെടുത്തിയതോടെയാണ് കേവലം വാഹനാപകടമായി ഒതുങ്ങിപ്പോയേക്കാവുന്ന സംഭവത്തിന് വഴിത്തിരിവുണ്ടായത്. നിര്‍ണായക വിവരം ലഭിച്ചതോടെ അപകടമുണ്ടാക്കിയ ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന അസംകാരന്‍ ഗുല്‍സാറിനെ പൊലീസ് പിടികൂടി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെ അര്‍ധരാത്രിയോടെ കൊണ്ടോട്ടിക്കടുത്ത് കീഴ്ശേരിയിലാണ് വാഹനാപകടമുണ്ടായത്. രാത്രിയില്‍ റോഡിലൂടെ നടന്നുപോയ അഹദുല്‍ ഇസ്ലാമെന്ന യുവാവാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പിന്നിലൂടെ എത്തിയ ഓട്ടോ ഇടിച്ച് അപകടമുണ്ടായെന്നായിരുന്നു ആദ്യം പൊലീസ് കരുതിയത്. എന്നാല്‍ അഹദുലിനെ ഇടിച്ച് തെറുപ്പിച്ച ശേഷം ഒന്നിലേറെ തവണ ശരീരത്തിലൂടെ ഓട്ടോറിക്ഷ കയറ്റിയിറക്കിയെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് വെളിപ്പെടുത്തി. നാട്ടുകാര്‍ ഓടിക്കൂടി അഹദുലിനെ മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ ഒന്നരയോടെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുന്‍വൈരാഗ്യമാണോ കൃത്യത്തിന് കാരണമെന്നതിലടക്കം അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വെളിപ്പെടുത്തി.