എമിറേറ്റ്സ് വിമാനത്തിന് എയറോ ബ്രിഡ്ജ് നിഷേധിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രതികാരം. യാത്രക്കാരുടെ വിവരങ്ങള്‍ അടങ്ങിയ പാസഞ്ചേഴ്സ് മാനിഫെസ്റ്റ് കൈമാറണമെന്ന വിമാനത്താവളത്തിന്‍റെ ആവശ്യം നിഷേധിച്ചതോടെയാണ് പ്രതികാര നടപടിയായി എയറോ ബ്രിഡ്ജി നിഷേധിക്കുന്നത്. തര്‍ക്കം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ വിമാനയാത്രികര്‍ വലയും.
ദുബായില്‍ നിന്നും തിരിച്ചും ഒരു സര്‍വീസാണ് എമിറേറ്റ്സ് തിരുവനന്തപുരത്തേക്ക് നടത്തുന്നത്. വലിയ വിമാനമായ ബോയിങ് 777–300 ER ആണ് തലസ്ഥാനത്തേക്ക് യാത്രക്കാരുമായി ദിവസവും എത്തുന്നത്. എന്നാല്‍ യാത്രക്കാര്‍ മഴയും വെയിലും മഞ്ഞുമേല്‍ക്കാതെ വിമാനത്താവളത്തിനകത്തേക്ക് പോകാന്‍ കഴിയുന്നതും വിമാനത്തിലേക്ക് പോകാന്‍ കഴിയുന്നതുമായ എയറോ ബ്രിഡ്ജ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എമിറേറ്റ്സിന് നിഷേധിക്കുകയാണ് തിരുവനന്തപുരം വിമാനത്താവളം. ഇതോടെ ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് സൗകര്യങ്ങളുള്ള വിമാനങ്ങളില്‍ വരുന്നവര്‍ക്കും തിരികെ ദുബായ്ക്ക് പോകുന്നവരും ദുരിതത്തിലാണ്. എയറോ ബ്രിഡ്ജ് സംവിധാനം വിമാനത്താളം നല്‍കാത്തതിനാല്‍ കോണിപടികള്‍ക്ക് സമാനമായ സ്റ്റാന്‍ഡുകള്‍ വഴിയാണ് യാത്രക്കാര്‍ ഇറങ്ങുന്നതും കയറുന്നതും. തുടര്‍ന്ന് ബസുകള്‍ വഴി വിമാനത്താളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന സ്ഥലത്ത് എത്തിക്കും.
വിമാനത്താവള നടത്തിപ്പ് കമ്പനിയായ അദാനി ഗ്രൂപ്പിന് വിമാന യാത്രക്കാരുടെയും വിമാനജീവനക്കാരുടെയും പട്ടിക ഉള്‍പ്പെടുന്ന പാസഞ്ചേഴ്സസ് മാനിഫെസ്റ്റിന്‍റെ കൈമാറാന്‍ എമിറേറ്റ്സ് തയ്യാറാക്കാത്തതാണ് പ്രതികാര നടപടിക്ക് കാരണം. വിമാനത്താവള കമ്പനിയുടെ നടപടിക്കെതിരെ തിരുവനന്തപുരം ചേംമ്പര്‍ ഓഫ് കൊമേഴ്സ് വിമാനത്താള അധികൃതര്‍ക്ക് കത്ത് നല്‍കി. പരമാവധി വിമാനങ്ങളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് പകരം വിമാനകമ്പനിയോട് പ്രതികാരം ചെയ്യുകയാണ് അദാനി ഗ്രൂപ്പ്. തര്‍ക്കം മൂര്‍ച്ഛിച്ച് എമിറേറ്റ്സ് സര്‍വീസ് ഉപേക്ഷിച്ചാല്‍ നഷ്ടം യാത്രക്കാര്‍ക്ക് മാത്രമാവും.